റോം: ഇറ്റലിക്കാർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് പുതുവർഷാരംഭത്തോടനുബന്ധിച്ച് നാഷണൽ എനർജി അഥോറിറ്റി നൽകുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കിൽ കുറവു വരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നാഷണൽ എനർജി അഥോറിറ്റി രംഗത്തെത്തിക്കഴിഞ്ഞു. ഗാർഹികാവശ്യങ്ങൾക്കുള്ള ഗ്യാസ് ബില്ലിൽ 3.3 ശതമാനവും വൈദ്യുതി ബില്ലിൽ 1.2 ശതമാനവും കുറവായിരിക്കും ഉണ്ടാകാൻ പോകുന്നത്. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കിൽ കുറവ് വരുന്നതോടെ വർഷം 57 യൂറോയുടെ ലാഭമാണ് ശരാശരി ഇറ്റലിക്കാർക്ക് ഉണ്ടാകാൻ പോകുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞതിനെ തുടർന്നാണ് ഗാർഹികാവശ്യങ്ങൾക്കുള്ള ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ കുറഞ്ഞതെന്ന് നാഷണൽ എനർജി അഥോറിറ്റി വ്യക്തമാക്കി. വിന്ററിൽ സാധാരണയായി കുത്തനെ ഉയരുന്ന വൈദ്യുതി, ഗ്യാസ് നിരക്കുകളെ ഇനി പേടിക്കേണ്ട. ഈ വിന്റർ സീസൺ ആഘോഷമാക്കാൻ ഇനിയെന്താണ് വേണ്ടത്?