- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; കൊട്ടാരക്കരയിൽ രണ്ടു കടകൾ കത്തിനശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കൊട്ടാരക്കര: കൊട്ടാരക്കര പുത്തൂർ റോഡിൽ മുസ്ലിം സ്ട്രീറ്റ് മേൽപാലത്തിനു സമീപം പ്രവർത്തിക്കുന്ന ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു കടകൾ കത്തിനശിച്ചു. ഇന്നലെ പുലർച്ച 5.30 നാണ് സംഭവം. ചായക്കടയുടമ മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകൾ വീട്ടിൽ ഇസ്മായിലിന് (58) പരിക്കേറ്റു.
ഗ്യാസ് സിലിണ്ടറിന്റെ പൊട്ടിത്തെറിച്ച ചീളുകൾ കാലിൽ തുളച്ചുകയറി ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്ഹോൾസ്റ്ററി കടയും ഭാഗികമായി കത്തിനശിച്ചു. ഈ കടയിൽ മാത്രം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വ്യക്തമാക്കി.
രാവിലെ കടതുറന്ന ഇസ്മായിൽ പതിവുപോലെ അടുപ്പ് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സിലിണ്ടർ ലീക്കായി ചെറിയ തോതിൽ തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. ഭയന്നുപോയ ഇസ്മായിൽ പെട്ടെന്നു തന്നെ കടയിൽനിന്ന് പുറത്തേക്കിറങ്ങി ഓടിമാറിയതും തീ ആളിപ്പടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നഗരസഭ ചെയർമാൻ എ. ഷാജു, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, കൗൺസിലർ ഫൈസൽ ബഷീർ എന്നിവരും സ്ഥലം സന്ദർശിച്ചു.
മറുനാടന് ഡെസ്ക്