ഗ്യാസ് വില വർധനവ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഗ്യാസ് സിലിണ്ടറുകളുടെ നിലവിലെ വിലയിൽ നിന്നും മൂന്നിരട്ടിയോ ആറിരട്ടിയോ ആയി വർധിപ്പിക്കുവാൻ മന്ത്രാലയം തീരുമാനിച്ചതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയകൾ വഴി വ്യാപകമായി പ്രചരിച്ചത്.

ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരിച്ചുകൊണ്ടു ധനകാര്യമന്ത്രാലയം രംഗത്തെത്തിയത്. സബ്സിഡി നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, വില വർധനവ് സംബന്ധിച്ചുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അടുത്തമാസം മുതൽ പ്രീമിയം ഗ്യാസിന്റെ വില 83ശതമാനം വർദ്ധിക്കുമെന്നായിരുന്നു സോഷ്യൽ മീഡിയ പ്രചരണം. മിഡ്‌ഗ്രേഡ്, റെഗുലർ ഗ്യാസിന്റെ വിലയിൽ യഥാക്രമം 62, 42ശതമാനം വർദ്ധനയുണ്ടാകുമെന്നും പ്രചരിപ്പിച്ചിരുന്നു. എണ്ണവിലയിടിവിനെ തുടർന്ന് രാജ്യത്തെ വരുമാനം ഗണ്യമായി കുറഞ്ഞതാണ് ഈ നീക്കത്തിന് കാരണമായതെന്നായിരുന്നു സോഷ്യൽ മീഡിയയുടെ വിശദീകരണം.

നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിപ്പിക്കുവാൻ നിലവിൽ ആലോചനയില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. പെട്രോൾ വില സെപ്റ്റംബർ ഒന്നു മുതൽ വർധിക്കുന്ന സാഹചര്യത്തിൽ വില വർധനവ് വേണമെന്ന് കമ്പനികളൊന്നും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, പെട്രോൾ വില വർധനവിന് മുൻപ് സമർപ്പിക്കപ്പെട്ട ചില അപേക്ഷകൾ പരിഗണനയിലുണ്ട്. ഇതു പരിശോധിച്ചശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക.