ഓക്ക്‌ലാൻഡ്: ഹാസ്റ്റിങ്‌സിലെ കുടിവെള്ളം മലിനപ്പെട്ടതിനെ തുടർന്ന് എങ്ങും ആശങ്ക. വീടുകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മുടങ്ങിയ അവസ്ഥയാണ്. ഹാസ്റ്റിങ്‌സ് ടൗണിലേക്കുള്ള കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിർത്തിവയ്ക്കുകയായിരുന്നു.

അണ്ടർഗ്രൗണ്ട് അക്വിഫയറിൽ നിന്നാണ് ഹാസ്റ്റിങ്‌സിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. ഇടയ്‌ക്കെങ്ങോ വച്ച് കുടിവെള്ളത്തിൽ മാലിന്യം കലർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലിനജലം കുടിക്കാനിടയായ നാലായിരത്തോളം പേർക്ക് വിവിധ രോഗങ്ങൾ പിടിപെട്ടുവെന്നും വാർത്തയുണ്ട്. ഛർദി, ഡയറിയ, പനി, തലവേദന, പേശീവേദന തുടങ്ങിയ അസ്വസ്ഥതകൾ പ്രകടമാക്കിയ ചിലർ ആശുപത്രികൡ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഹാസ്റ്റിങ്‌സിലേക്കുള്ള കുടിവെള്ളത്തിൽ കലർന്ന മാലിന്യമെല്ലാം നീക്കിയെന്നും വെള്ളം ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇപ്പോഴെന്നും ഹാസ്റ്റിങ്‌സ് ഡിസ്ട്രിക്ട് കൗൺസിൽ അധികൃതർ വെളിപ്പെടുത്തി. കുടിവെള്ളത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഭയപ്പെടാനൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. കുടിവെള്ളത്തിൽ കാണപ്പെട്ടത് ലോ ലെവൽ ഇ-കോളി സാന്നിധ്യമാണെന്നും പിന്നീട് ടെസ്റ്റ് റിസൾട്ട് നെഗറ്റീവായെന്നും മേയർ ലോറൻസ് യൂൾ ചൂണ്ടിക്കാട്ടി. ഹാസ്റ്റിങ്‌സ് ടൗൺ സപ്ലൈ താരതമ്യേന മെച്ചപ്പെട്ട വാട്ടർ സപ്ലൈയാണെന്നും മേയർ പറയുന്നു.