- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്; മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്; സിങ്കക്കുട്ടിക്ക് പിന്തുണയുമായി ഷിഹാബുദ്ദീൻ; വീടു ചോദിച്ച് കണ്ടെത്തി ഗൗരിനന്ദയെ കാണാൻ ആ അതിഥി എത്തിയപ്പോൾ
കൊല്ലം: ബാങ്കിന് മുന്നിൽ കൂട്ടംകൂടി നിന്നുവെന്ന പേരിൽ പിഴ ചുമത്തിയതിന് പൊലീസിനെ ചോദ്യം ചെയ്യുന്ന ചടയമംഗലം സ്വദേശിനി ഗൗരിനന്ദയെ തേടി ഷിഹാബുദ്ദീൻ എത്തി. വീട് തേടിപ്പിടിച്ച് ഗൗരി നന്ദയെ കാണാൻ എത്തിയതാണ് ഷിഹാബുദീൻ. എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്.'- ഇതാണ് ഷിഹാബുദ്ദീന് നൽകാനുള്ള ഉറപ്പ്.
പൊലീസിനെ ഗൗരിനന്ദ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ഇന്ത്യൻ ബാങ്കിനു മുന്നിൽ ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം ഷിഹാബുദീനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തുകയായിരുന്നു. അകലം പാലിച്ചാണ് നിൽക്കുന്നതെന്ന് ഷിഹാബുദീൻ മറുപടി നൽകിയെങ്കിലും പൊലീസ് സമ്മതിച്ചില്ല.
തുടർന്ന് വാക്ക് തർക്കമായി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഗൗരി ഷിഹാബുദീനോട് കാര്യം തിരക്കി. അപ്പോൾ ഗൗരിക്കും പെറ്റി ചുമത്താൻ പൊലീസ് ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ വീഡിയോയാണ് വൈറലായത്.തുടർന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ഇത് വിവാദമായി. ഇതോടെ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് ഉദ്യോഗസ്ഥർ പിന്നീട് തിരുത്തി. എങ്കിലും കേസിലെ പ്രതിയാണ് ഗൗരി ഇന്ന്.
ഗൗരി പൊലീസിനോട് സംസാരിക്കുന്ന വീഡിയോ വൈറലായതുമുതൽ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ ഉൾപ്പടെ ഗൗരിനന്ദയ്ക്ക് കട്ടസപ്പോർട്ടാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്. പ്ലസ്ടു റിസർട്ടിൽ എപ്ലസ് അടക്കം 747 മാർക്കാണ് ഗൗരിനന്ദ നേടിയത്. വിജയത്തിലും മിടുക്കിക്ക്. ഇതിന് പിന്നാലെയാണ് ഷിഹാബുദ്ദീൻ വീട്ടിലെത്തിയതും തന്റെ പിന്തുണ അറിയിച്ചതും.
പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ഗൗരി കടയ്ക്കൽ ഹയർസെക്കന്ററി സ്‌കൂളിലാണ് പഠിക്കുന്നത്. എപ്ലസ് അടക്കം 747 മാർക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത്. ഭാവിയിൽ സിഎക്കാരിയാകണമെന്നാണ് കൊച്ചുമിടുക്കിയുടെ ആഗ്രഹം. അനുജൻ പത്താം ക്ലാസിൽ പഠിക്കുന്നു. പഠനത്തിലും മിടുക്ക് കാട്ടിയ ഗൗരിയെ സിങ്കക്കുട്ടിയെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. കൂലിപ്പണിക്കാരനാണ് ഗൗരിയുടെ പിതാവ് അനിൽകുമാർ. അമ്മ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
നേരത്തെ ചടയമംഗലം സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും, ചുമത്തിയിട്ടുള്ള വകുപ്പുകളുമടക്കം വിശദീകരണം നൽകണം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പൊലീസല്ലേ, പ്രശ്നമാകും, മാപ്പ് പറഞ്ഞ് തീർത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനായിരുന്നു ഗൗരിയുടെ തീരുമാനം.
പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചർച്ച ചെയ്ത സംഭവങ്ങൾ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോൾ പൊലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.
ഇതിന്റെ കാര്യം തിരക്കിയപ്പോൾ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയർത്തി. തർക്കം അരമണിക്കൂറോളം നീണ്ടു. ആളുകൾ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെയാണ് താൻ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയിൽ ആരോ പകർത്തിയ വീഡിയോ വൈറലായി, താൻ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ