കൊല്ലം: ചടയമംഗലത്ത് ബാങ്കിൽ ക്യൂ നിൽക്കുന്നവർക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാർത്ഥിനി ഗൗരിനന്ദയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് പെൺകുട്ടി പരാതി നൽകിയത്. പൊലീസ് മാന്യമായല്ല പെരുമാറിയതെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ പരാതി.

തനിക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും തനിക്കെതിരെ അപമര്യാദയായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്ന് പരാതി ഡിജിപിക്ക് കൈമാറുകയും അതുകൊല്ലം പൊലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്നും ഗൗരി നന്ദ വ്യക്തമാക്കി.

വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്. അമ്മയ്ക്കും പുനലൂർ എംഎൽഎ പിഎസ് സുപാലിനുമൊപ്പമാണ് ഗൗരിനന്ദ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രിയിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടി. കൺമുന്നിൽ കണ്ട അനീതിയെ ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നാണ് പെൺകുട്ടിയുടെ പക്ഷം.

കടയ്ക്കൽ ഹയർസെക്കന്ററി സ്‌കൂളിൽ പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിയായിരുന്ന ഗൗരിനന്ദ അടുത്തിടെയാണ് പ്ലസ്ടു പാസായത്. ബാങ്കിൽ ക്യൂനിന്നവർക്ക് പിഴ നൽകിയ പൊലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്‌ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.

പിന്നീട് ജാമ്യമില്ല വകുപ്പ് ഒഴിവാക്കിയെങ്കിലും കേസ് ഉണ്ടായിരുന്നു. പൊലീസുകാർ അപമര്യാദയായി പെരുമാറിയതിനാലാണ് രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി നന്ദ പിന്നീട് പ്രതികരിച്ചത്. ഇതെല്ലാം ഉൾകൊള്ളിച്ചാണ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയത്.

കഴിഞ്ഞ ജൂലൈ 27 രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചർച്ച ചെയ്ത സംഭവങ്ങൾ ഉണ്ടായത്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോൾ പൊലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.

ഇതിന്റെ കാര്യം തിരക്കിയപ്പോൾ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയർത്തി. തർക്കം അരമണിക്കൂറോളം നീണ്ടു. ആളുകൾ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെയാണ് താൻ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയിൽ ആരോ പകർത്തിയ വീഡിയോ വൈറലായി, താൻ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.

അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൗരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.