- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചടയമംഗലം പൊലീസിനെ ചോദ്യം ചെയ്തത് പ്ലസ് ടു ഫലം കാത്തിരിക്കുന്ന 18കാരി; കൂലിപ്പണിക്കാരനായ പിതാവിന്റെ മകൾ; ഗൗരി ശബ്ദമുയർത്തിയത് 'പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാം' എന്ന പൊലീസുകാരന്റെ ഡയലോഗിൽ; പ്രശ്‌നമാകും, തീർത്തേരേ എന്ന ഉപദേശങ്ങൾക്കിടയിലും കണ്ടറിയാൻ ഉറപ്പിച്ചു ഗൗരിനന്ദ
കൊല്ലം: ഗൗരിയെന്ന പേര് മലയാളികൾക്ക് അങ്ങനെ എളുപ്പും മറക്കാൻ കഴിയില്ലല്ലോ? ആണധികാരത്തെ ചൂണ്ടുവിരലിൽ നിൽത്തി ചോദ്യം ചെയ്ത കേരളം കണ്ട ഏറ്റവും കരുത്തയായ വനിതയാണ് കെ ആർ ഗൗരിയമ്മ എന്നത്. രാഷ്ട്രീയ ഇതിഹാസമായ ആ ഗൗരിയെ ഒരുപാട് ഇഷ്ടമാണ് ഗൗരിനന്ദ എന്ന 18കാരിക്ക്. അനീതി കണ്ടാൽ ചോദ്യം ചെയ്യാനുള്ള മനസ്സും ധൈര്യവുമുണ്ട്. അതാണ് ചടയമംഗലത്ത് പൊലീസിനെതിരെ പൊട്ടിത്തെറിക്കുന്ന പെൺകരുത്തിൽ കണ്ടതും.
നാട്ടുകാർക്ക് മുന്നിൽ പൊലീസിനെ വിറപ്പിച്ച് നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ചടയമംഗലം സ്വദേശി ഗൗരിനന്ദ. സാമൂഹ്യ അകലം പാലിക്കാൻ സ്ഥലമില്ലാത്ത സ്വകാര്യ ബാങ്കിന് മുന്നിൽ കൂട്ടംകൂടി നിന്നുവെന്ന പേരിൽ പൊലീസ് പിഴ ചുമത്തിയതോടെയാണ് ഗൗരിനന്ദ പൊട്ടിത്തെറിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് മുന്നിലായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോൾ പൊലീസ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു. ഇതിനിടെ പൊലീസ് ഗൗരിനന്ദയ്ക്കും പിഴ ചുമത്തി.
കാര്യം തിരക്കിയപ്പോൾ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയർത്തി. തർക്കം അരമണിക്കൂറോളം നീണ്ടു. ആളുകൾ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കിൽ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതോടെ ഗൗരി രോഷാകുലയായി. പൊലീസ് മടങ്ങിയതോടെയാണ് ഗൗരി ശാന്തയായത്. പക്ഷേ പൊലീസ് വിട്ടില്ല. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ ഗൗരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
സംഭവത്തെ കുറിച്ച് ഗൗരി പറയുന്നത് ഇങ്ങനെ:
'ഞാൻ ആശുപത്രിയിൽ പോയിട്ട് എടിഎമ്മിൽ നിന്ന് പൈസ എടുക്കാൻ കയറിയതായിരുന്നു. എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ഇന്ത്യൻ ബാങ്കിന് മുന്നിൽ ഒരുപാടുപേർ ഉണ്ടായിരുന്നു. അകലം പാലിച്ചുതന്നെയാണ് ആളുകൾ നിന്നിരുന്നെ. പൊലീസ് ജീപ്പിൽ അഞ്ചോ ആറോ പേർ ഉണ്ടായിരുന്നു. അവർ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറിൽ എഴുതിക്കൊടുക്കുന്നു. മൂന്ന് പേർക്കോ മറ്റോ ആണ് കൊടുത്തത്. ഒരു അങ്കിൾ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതുകണ്ടു. ഞാൻ ചെന്നു അങ്കിളിനോട് എന്താ പ്രശ്നമെന്ന് ചോദിച്ചു. മോളേ ഇത്രയും അകലം പാലിച്ചു നിന്നിട്ടും പെറ്റി അടയ്ക്കണമെന്നാണ് അവർ പറയുന്നെ എന്നുപറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ഇവിടെക്കിടന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല, ഈ സാറിന്റെയും ഉയർന്ന ഉദ്യോഗസ്ഥരുണ്ട്. അവിടെപ്പോയി പരാതിപ്പെട്ടാൽ മതിയെന്ന് ഞാൻ പറഞ്ഞു.
അപ്പോ അവിടെ നിന്ന ഒരു സാർ വിളിച്ച് എന്നോട് പേരുചോദിച്ചു. ഞാൻ പറഞ്ഞു ഗൗരി എന്ന്. അപ്പോ അഡ്രസ് ചോദിച്ചു. അപ്പോ ഞാൻ ചോദിച്ചു എന്തിനാ അഡ്രസ് ചോദിക്കുന്നേന്ന്. അപ്പോ പറഞ്ഞു അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റിയാ എഴുതുന്നെ എന്ന്. അപ്പോ ഞാൻ ചോദിച്ചു സാറ് പെറ്റിയാണോ എഴുതുന്നെ? ഞാൻ മാസ്‌ക് വെച്ചിട്ടുണ്ട്, എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്നുമാത്രമാ ഞാൻ ചോദിച്ചത്. അത്രേ ചെയ്തുള്ളൂ.
കൂടുതൽ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാർ പറഞ്ഞു. നിയമങ്ങൾ അറിഞ്ഞുകൂടെങ്കിൽ പഠിക്കണമെന്ന് ഞാൻ പറഞ്ഞു. അപ്പോ പറഞ്ഞു ഉത്തരവാദിത്വമാണെന്ന്. ഇതൊന്നുമല്ല ഉത്തരവാദിത്വം സാർ ചെയ്തത് തെറ്റാണെന്ന് ഞാൻ പറഞ്ഞു. അപ്പോ എസ്ഐ സാർ വന്നിട്ട് മോശമായി ഒരു വാക്ക് പറഞ്ഞു. ഇതോടെയാണ് ശബ്ദമുയർത്തി എനിക്ക് സംസാരിക്കേണ്ടിവന്നത്. ഞാൻ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ടുണ്ട്, തിരിച്ചും ആ ബഹുമാനം വേണമെന്ന് ഞാൻ പറഞ്ഞു. കൂടുതൽ പഠിപ്പിക്കേണ്ടെന്ന് എന്നോട് പറഞ്ഞു. നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കിൽ പിടിച്ചുതല്ലിയേനെയെന്ന് എസ്ഐ പറഞ്ഞു. പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യംചെയ്താലും ഒരു പോലെയാണെന്ന് ഞാൻ പറഞ്ഞു. കൂടുതൽ സംസാരിക്കണ്ട, ഉയർന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടോ എന്ന് എന്നോട് പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാൻ വീട്ടിലെത്തി'.
വീട്ടിലെത്തിയപ്പോഴാണ് സോഷ്യൽ മീഡിയയിലൊക്കെ വിഡിയോ കണ്ടതെന്ന് ഗൗരി നന്ദ പറഞ്ഞു. വിഡിയോ എടുത്തത് ആരാണെന്ന് തനിക്ക് അറിയില്ല. തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ പറഞ്ഞു.
പൊലീസല്ലേ, പ്രശ്‌നമാകും, മാപ്പ് പറഞ്ഞ് തീർത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനാണ് ഗൗരിയുടെ തീരുമാനം. പ്ലസ് ടു ഫലം കാത്തിരിക്കുകയാണ് ഗൗരിനന്ദ. അച്ഛൻ അനിൽകുമാറിന് കൂലിപ്പണിയാണ്. അമ്മ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ അനുജനുമുണ്ട്.
പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നൽകി. യുവജന കമ്മിഷൻ കൊല്ലം റൂറൽ എസ്‌പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന് മുന്നിൽ സാമൂഹ്യ അകലം ലംഘിച്ചതിന് അവിടെ നിന്നവർക്ക് നോട്ടീസ് നൽകി. പെൺകുട്ടി മാത്രം നോട്ടീസ് വലിച്ചുകീറി എറിഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു എന്നാണ് എസ്‌ഐയുടെ പക്ഷം.
മറുനാടന് മലയാളി ബ്യൂറോ