ആലപ്പുഴ : പാർട്ടിവിരുദ്ധ നിലപാടെടുത്ത ജെ എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൗരിയമ്മയെ പുറത്താക്കുമെന്ന് ജെ എസ് എസിലെ ഒരു വിഭാഗം. വരുന്ന 23ന് ആലപ്പുഴയിൽ സംസ്ഥാന സമിതി ചേർന്ന് അന്തിമതീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി എസ് പ്രദീപ് മറുനാടനോട് പറഞ്ഞു. അന്നു തന്നെ പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ തീരുമാനിക്കും. ജെഎസ്എസിലെ ബഹുഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്നാണ് പ്രദീപിന്റെ വിശദീകരണം.

പി കൃഷ്ണപിള്ള ദിനമായ ഓഗസ്റ്റ് 19 ന് സി പി എമ്മിൽ ചേരുന്ന ഗൗരിമ്മയുടെ നീക്കത്തിന് തിരിച്ചടിയായിട്ടാണ് പുറത്താക്കൽ അടക്കമുള്ള നടപടികളുമായി പാർട്ടി മുന്നോട്ടു നീങ്ങുന്നത്. പാർട്ടിയോട് ആലോചിക്കാതെ ഗൗരിയമ്മ നടത്തിയ ഏകപക്ഷീയനീക്കമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. എൺപതോളം അംഗങ്ങളുള്ള സംസ്ഥാന സമിതിയുടെ അഭിപ്രായം കേട്ടശേഷം അന്നുതന്നെ 18 പേരടങ്ങുന്ന സെക്രട്ടറിയേറ്റ് യോഗവും ചേരും. ഇതിൽ തീരുമാനം പ്രഖ്യാപിക്കും.

യുവജന വിഭാഗവും തൊഴിലാളി സംഘടനയും വനിതാ വിഭാഗവും ഗൗരിയമ്മയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നിലവിൽ ഗൗരിമ്മയ്‌ക്കൊപ്പം സംസ്ഥാന സെക്രട്ടറി ഗോപൻ മാത്രമാണ് പോകുന്നത്. ഗൗരിയമ്മയുടെ അസാന്നിദ്ധ്യം പാർട്ടിയെ ബാധിക്കില്ല. ഇടതുപക്ഷ മതേതര സ്വഭാവം പുലർത്തുന്ന ആരുമായും കൂട്ടുചേർന്ന് സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് തീരുമാനം.

ഇതുതന്നെയായിരുന്നു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനവും. ഗൗരിയമ്മ അടങ്ങുന്ന സമിതി ഈ തീരുമാനം ചർച്ചയ്‌ക്കെടുത്തപ്പോഴാണ് രാജൻ ബാബുവും കെ കെ ഷാജുവും സഞ്ജിത്തും അടക്കുമുള്ളവർ ഇറങ്ങിപ്പോയത്. എന്നാൽ ആ തീരുമാനം തന്നെ നടപ്പിലാക്കാനാണ് ഗൗരിയമ്മയില്ലാത്ത ജെ എസ് എസ് ഉദ്ദേശിക്കുന്നത്. സി പി എമ്മിന്റെ കണ്ണൂർ കൊലപാതക രാഷ്ട്രീയത്തോട് താല്പര്യമില്ല. പക്ഷേ സി പി എമ്മിൽ വി എസ് പുലർത്തുന്ന നിലപാടുകളോട് യോജിക്കും. നിലവിൽ പാർട്ടിയെന്ന നിലയിൽ അംഗീകാരമുള്ളത് തങ്ങൾക്കാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അധികാരവും തങ്ങൾക്കാണെന്ന് പ്രദീപ് പറഞ്ഞു.

ഗൗരിയമ്മയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ഇടതുമതേതര ചിന്താഗതിയുള്ളവരെ തിരിച്ചെടുക്കും. എന്നാൽ ഈഴവരുടെ പേരിൽ കച്ചവടം നടത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുമായി ചേരില്ല. ഗൗരിയമ്മയെ കുറിച്ച് പറയാൻ വെള്ളാപ്പള്ളിക്ക് അവകാശമില്ല. ഗൗരിയമ്മയുടെ കേരളത്തിലെ വിലയും വെള്ളാപ്പള്ളിയുമായി താരതമ്യം പഠനം നടത്തേണ്ട കാര്യമില്ല. അത് കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഭൂരിപക്ഷ വർഗീയത വളർത്തുന്ന ബിജെപി ആർ -ആർ എസ് എസ് സംഘടനകളോട് ചങ്ങാത്തം പുലർത്തുന്ന വെള്ളാപ്പള്ളിയോട് സമുദായാംഗങ്ങൾക്കു തന്നെ വെറുപ്പാണ്.

അതേസമയം 1994 ൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സി പി എമ്മിൽനിന്നും പുറത്തായ ഗൗരിയമ്മ അതിനുമുമ്പെ പീഡനങ്ങൾ അനുഭവിച്ചുതുടങ്ങിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ പാർട്ടി ശിഷ്ടകാലവും ഗൗരിയമ്മയെ പീഡിപ്പിക്കാൻ തന്നെയാണ് പദ്ധതിയിട്ടിട്ടുള്ളത്. സി പി എം വിട്ട് ജെ എസ് എസ് രൂപീകരിച്ച് യു ഡി എഫിന്റെ ഭാഗമായി പ്രവർത്തിച്ച ഗൗരിയമ്മയ്ക്ക് കേരളത്തിലെ ജനങ്ങൾ ശക്തമായ പിന്തുണയാണു നൽകിയിരുന്നത്. ഇനി അതു ലഭിക്കുമോയെന്നു കണ്ടറിയണമെന്നും പ്രദീപ് പറഞ്ഞു.

ജെ എസ് എസ്സിന് പാർട്ടിയുടെതായ കീഴ്‌വഴക്കങ്ങളും ചട്ടങ്ങളുമുണ്ട്. അതിൽനിന്നും വ്യതിചലിക്കാൻ ആരെയും അനുവദിക്കില്ല. ഗൗരിയമ്മ ഇപ്പോൾ സി പി എമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങി പാർട്ടി ഉപേക്ഷിച്ച് പോകുകയാണ്. ചർച്ച നടന്ന ദിവസം രാവിലെയും താനും ഗൗരിയമ്മയുമായി മണിക്കൂറുകൾ സംസാരിച്ചിട്ടും ഇക്കാര്യം പറഞ്ഞില്ലെന്ന് പ്രദീപ് പറഞ്ഞു.