- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധവും പണപ്പെരുപ്പവും വമ്പന്മാരുടെ ചീട്ട് കീറിയപ്പോഴും കഴിഞ്ഞ വർഷത്തെ അതേ കുതിപ്പ് തുടർന്ന് ഗൗതം അദാനി; ഇന്ത്യാക്കാരിൽ ഒന്നാമനും ലോകത്തിൽ രണ്ടാമനും; മുന്നിൽ വാരൻ ബഫറ്റ് മാത്രം; ഈ വർഷത്തെ ആദ്യമൂന്നുമാസം അദാനി ഗ്രൂപ്പ് കൈവരിച്ചത് സ്വപ്ന കുതിപ്പ്
മുംബൈ: 2022 ന്റെ ആദ്യ മൂന്നു മാസങ്ങളിൽ വ്യവസായ ലോകത്തെ പല വമ്പന്മാർക്കും തിരിച്ചടി ഏറ്റപ്പോൾ, കഴിഞ്ഞ വർഷത്തെ അതേ കുതിപ്പ് തുടരുകയാണ് ഗൗതം അദാനി. 2021 ന്റെ ആദ്യ പാദത്തിൽ, ആമസോണിന്റെ ജെഫ് ബസോസിനെയും, ടെസ്ലയുടെ ഇലോൺ മസ്‌കിനെയും,ബെർക്ഷൈർ ഹാത് വേയുടെ വാരൻ ബഫറ്റിനെയും ഒക്കെ മറി കടന്ന് സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിൽ ആയിരുന്നു അദാനി. ഈ വർഷം ആദ്യപാദത്തിൽ, ഗുജറാത്ത് സ്വദേശിയായ വ്യവസായിയുടെ ആകെ ആസ്തിമൂല്യം 18.4 ബില്യൺ ഡോളറിൽ നിന്ന് 95 ബില്യണായി ഉയർന്നു. ഇന്ത്യാക്കാരിൽ ഒന്നാമനും ലോകത്തിൽ രണ്ടാമനും. ബ്ലൂംബർഗിന്റെ ശതകോടീശ്വര പട്ടിക പ്രകാരമാണിത്.
2022 ൽ ഗൗതം അദാനിയേക്കാൾ കൂടുതൽ സമ്പത്തുണ്ടാക്കിയ വ്യവസായി വാരൻ ബഫറ്റ് മാത്രമാണ്. ബഫറ്റിന്റെ ആകെ ആസ്തി മൂല്യം 21.1 ബില്യൺ ഡോളറായി ഉയർന്നു. യുക്രെയിനിലെ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, ഉയർന്ന പലിശ നിരക്ക് എന്നിവയെല്ലാം കാരണം, ഓഹരി വിപണിയിൽ മിക്ക കമ്പനികളുടെയും മൂല്യം ഇടിഞ്ഞു. എന്നാൽ, അദാനി ഗ്രൂപ്പിന് ശക്തമായ ഒരു ഒന്നാം പാദം സ്വന്തമാക്കാനായി.
അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ എന്നിവ 2022 ൽ 12 മുതൽ 103 ശതമാനം വരെ കുതിപ്പ് കാട്ടി. അദാനിക്ക് ആകെ നിരാശ ഒരുശതമാനം മാത്രം വളർച്ച രേഖപ്പെടുത്തിയ അദാനി പോർട്‌സും സ്‌പെഷൽ എക്കണോമിക് സോണും മാത്രം. ഈകാലയളവിൽ നിഫ്റ്റി ഒരുശതമാനം ഇടിഞ്ഞിരുന്നു. അദാനിയുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയത് പുതുതായി ലിസ്റ്റ് ചെയ്ത അദാനി വിൽമറാണ്. ലിസ്റ്റിങ് വിലയേക്കാൾ 100 ശതമാനത്തിൽ അധികമാണ് വിൽമറിന്റെ കുതിപ്പ്. അദാനി പവറും, അദാനി ട്രാസ്മിഷനും സമാന നേട്ടങ്ങളുണ്ടാക്കി.
.
യൂറോപ്പിലെ പ്രശ്‌നങ്ങളും, നിക്ഷേപകരുടെ ചാഞ്ചാട്ടവും ഒന്നും വൈദ്യുത മേഖലയെ ബാധിച്ചില്ല. 45 ശതമാനം വളർച്ച രേഖപ്പെടുത്തിയ അദാനി ഗ്രീൻ എനർജിയും, 12 ശതമാനം വളർച്ചയുണ്ടായ അദാനി എന്റർപ്രൈസസും പട്ടികയിൽ മുന്നിൽ നിൽക്കുന്നു.
നേട്ടം കൊയ്ത് അദാനി പവർ
ഓഹരി വിപണിയിൽ ബുള്ളുകൾ പിടിമുറുക്കിയ ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്റെ അദാനി പവർ12 ശതമാനം നേട്ടം കൊയ്തു. ബോംബെ ഓഹരി വിപണിയിൽ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 170 രൂപ രേഖപ്പെടുത്തി.
ഇന്ത്യയിൽ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉൽപാദകരായ അദാനി പവർ ഏതാനും ദിവസങ്ങൾക്ക് മുൻപ് കമ്പനിയുടെ ആറ് സബ്സിഡിയറി യൂണിറ്റുകളെ ലയിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. ഇതോടെ ആറാം ദിവസമാണ് ഓഹരി വില മുകളിലേക്ക് കുതിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ കണക്കെടുത്താൻ ഈ ഓഹരി 37 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പല ദിവസങ്ങളിലും ബെയറുകൾ ഓഹരി വിപണിയെ പിടികൂടിയപ്പോഴും അദാനി പവർ കുതിപ്പ് തുടരുകയായിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ താപനിലയങ്ങളിൽ നിന്നും വർഷം 12,450 മെഗാവാട്ട് വൈദ്യുതിയാണ് വർഷം തോറും കമ്പനി ഉൽപാദിപ്പിക്കുന്നത്.
അദാനി പവർ കമ്പനിയുടെ ഡയറക്ടർ ബോർഡാണ് കമ്പനി പ്രവർത്തനം മെച്ചപ്പെടുത്താൻ ആറ് അനുബന്ധയൂണിറ്റുകളെ ലയിപ്പിക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് അദാനി പവർ മഹാരാഷ്ട്ര ലി., അദാനി പവർ രാജസ്ഥാൻ ലി, അദാനി പവർ (മുന്ദ്ര)ലി, ഉഡുപ്പി പവർ കോർപ് ലി., റായ്പൂർ എനെർജെൻ ലി., റായിഗർ എനർജി ജെനറേഷൻ ലി. എന്നീ അനുബന്ധ കമ്പനികളെയാണ് ലയിപ്പിച്ചത്. ഇതോടെ കമ്പനിക്ക് മെച്ചപ്പെട്ട നിയന്ത്രണവും വിഭവോപയോഗവും ഉയർന്ന സാമ്പത്തിക കരുത്തും മെയ് വഴക്കവും കൈവരിക്കാനാവുമെന്ന് ഡയറക്ടർ ബോർഡ് പറയുന്നു. ഒപ്പം കമ്പനിയുടെ വലിപ്പം, ബിസിനസ് തോത് എന്നിവയിൽ നല്ല കുതിപ്പുണ്ടാക്കാനും കഴിയും. താപനിലയത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാവുക എന്നതാണ് ലക്ഷ്യമെന്ന് അദാനി പറയുന്നു.
2021 ഒക്ടോബർ-ഡിസംബർ ത്രൈമാസ പാദത്തിൽ അദാനി പവർ 218.49 കോടി രൂപയുടെ ലാഭം നേടിയിരുന്നു. അതേ സമയം 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനി 288.74 കോടി രൂപ നഷ്ടത്തിലായിരുന്നു. ജാർഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിൽ പുതിയ താപനിലയങ്ങൾ വരികയാണ്. ഇതുവഴി 7000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം
മറുനാടന് ഡെസ്ക്