സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട യാത്രയിൽ തുർക്കിയുടെ അതിർത്തിയിൽ തടഞ്ഞിരിക്കുകയാണെന്ന് സംവിധായകൻ ഗൗതം മേനോൻ. വിക്രം നായകനായ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം.

യൂറോപ്പിലെ വിവിധ ഭാഗങ്ങളിലാണ് ധ്രുവനച്ചത്തിരം ചിത്രീകരിക്കുന്നത്. ഇസ്താംബുൾ വഴി ജോർജിയയിലേക്ക് യാത്ര ചെയ്യാൻ ഷൂട്ടിംങ് സംഘം എത്തിയപ്പോൾ അധികൃതർ തടഞ്ഞു നിർത്തിയതായി ഗൗതം മേനോൻ പറയുന്നു. ഫേസ്‌ബുക്കിലൂടെ സംവിധായകൻ ആരാധകരുടെ സഹായം അഭ്യർത്ഥിച്ചിട്ടുമുണ്ട്.

'തുർക്കിയുടെ അതിർത്തിയിൽ ഞാനും എന്റെ സംഘവും 24 മണിക്കൂറിലേറെയായി കുടുങ്ങിയിരിക്കുകയാണ്. എല്ലാ രേഖകളുണ്ടായിട്ടും ഉദ്യോഗസ്ഥർ ഞങ്ങളെ കടന്നു പോകാൻ അനുവദിക്കുന്നില്ല. ഞങ്ങൾ ജോർജിയയിലേക്ക് റോഡ് മാർഗം ഇസ്താംബുൾ വഴി യാത്ര ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ നിർവാഹമില്ല. അതുകൊണ്ട് തടഞ്ഞ് വച്ചിരിക്കുകയാണ്. ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ ദയവ് ചെയ്തു ഞങ്ങളെ സഹായിക്കണം'- ഗൗതം മേനോൻ കുറിച്ചു.