ചെന്നൈ: കമലാഹസനും ഗൗതമിയും തമ്മിലെ വേർപിരിയിൽ വാർത്തയിൽ തമിഴ് സിനിമാ ലോകത്ത് കടുത്ത നിരാശ. ഗൗതമിയാണ് ഇക്കാര്യം പോസ്റ്റിലൂടെ അറിയിച്ചത്. വേദനയുണ്ടെങ്കിലും വ്യക്തിപരമായ തീരുമാനത്തെ അംഗീകരിക്കുമെന്നാണ് ഗൗതമിയുടേയും കമൽഹാസന്റേയും സഹപ്രവർത്തകരുടേയും നിലപാട്. വിവാഹം കഴിച്ചില്ല. എന്നിട്ടും ഭാര്യാഭർത്താക്കന്മാരേക്കാൾ യോജിപ്പോടെ ഗൗതമിയും കമൽഹാസനും ഒന്നിച്ചു ജീവിച്ചു. അതും പതിമൂന്ന് വർഷം. ഈ ബന്ധമാണ് പിരിയുന്നത്. ബ്ലോഗിലൂടെയാണ് ഗൗതമി വേർപിരിയൽ അറിയിച്ചത്.

ഗൗതമിയുടെ ബ്ലോഗ് പോസ്റ്റിന്റെ പൂർണരൂപം:

ഞാനും മിസ്റ്റർ ഹാസനും ഇനി ഒരുമിച്ചല്ല എന്ന് പറയേണ്ടി വരുന്ന ഈ നിമിഷം എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. കഴിഞ്ഞ പതിമൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു. ജീവിതത്തിൽ ഞാൻ കൈക്കൊണ്ട ഏറ്റവും വലിയ വേദനാജനകമായ തീരുമാനമാണിത്. ഞങ്ങളുടെ പാതകൾ ഒരിക്കലും അടുക്കാത്ത തരത്തിൽ അകന്നു കഴിഞ്ഞെന്നും ഒന്നുകിൽ ജീവിതത്തിനുവേണ്ടി തങ്ങളുടെ സ്വപ്നങ്ങൾ അടിയറവയ്ക്കുകയോ അല്ലെങ്കിൽ ഏകന്തതെ വരിച്ച് മുന്നോട്ടുപോവുകയോ ചെയ്യണമെന്ന് അംഗീകരിക്കുക ആർക്കും എളുപ്പമുള്ള കാര്യമല്ല. ഹൃദയഭേദകമായ ഈ സത്യം അംഗീകരിക്കാനും ഈ തീരുമാനം കൈക്കൊള്ളാനും ഒരുപാട് കാലം, ഒരുപക്ഷേ, വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടിവന്നു എനിക്ക്.

ആരെയും കുറ്റപ്പെടുത്താൻ ഞാനില്ല. എനിക്കാരുടെയും അനുകമ്പയും ആവശ്യമില്ല. മാറ്റം അനിവാര്യമാണെന്ന് ഈ ജീവിതം കൊണ്ട് ഞാൻ പഠിച്ചുകഴിഞ്ഞു. മനുഷ്യന്റെ സ്വഭാവവും പ്രകൃതവും കാലത്തിന്റെ ഈ മാറ്റത്തിന് വിധേയമാണെന്നും ഞാൻ അറിയുന്നു. എല്ലാ മാറ്റങ്ങളും നമ്മൾ പ്രതീക്ഷിച്ചപോലെയോ ആശിച്ചപോലെയോ സംഭവിക്കണമെന്നില്ല. എന്നാൽ, ഇവയ്ക്ക് മനുഷ്യ ബന്ധങ്ങളിൽ ഇത്രമേൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ല ഒരിക്കലും. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഷ്‌കരമായ ഒരു തീരുമാനമാണ് ഞാൻ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമായ ഒന്നാണ്. കാരണം ഞാൻ ആത്യന്തികമായി ഒരു അമ്മയാണ്. എനിക്ക് എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ചില ഉത്തരവാദിത്തങ്ങളുണ്ട്. അവളുടെ ഏറ്റവും നല്ല അമ്മയാവണം എനിക്ക്. അങ്ങിനെ വേണമെങ്കിൽ ആദ്യം ഞാൻ സമാധാനം എന്തെന്നറിയണം.

സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ ഞാൻ മിസ്റ്റർ ഹാസന്റെ കടുത്ത ആരാധികയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഞാനിന്നും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രതിഭയെയും നേട്ടങ്ങളെയും ആരാധിക്കുന്നു, ആദരിക്കുന്നു. എല്ലാ വെല്ലുവിളികൾക്കിടയിലും അദ്ദേഹത്തിനൊപ്പം നിന്നയാളാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ആ നിമിഷങ്ങളെല്ലാം വിലപ്പെട്ടവയാണ്. അദ്ദേഹത്തോടൊപ്പം കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ച കാലത്ത് ഒരുപാട് കാര്യങ്ങൾ പഠിച്ചു ഞാൻ. അദ്ദേഹത്തിന്റെ സിനിമാ പ്രവർത്തകന്റെ കാഴ്ചപ്പാടിനോട് നീതി പുലർത്തി എന്നു തന്നെയാണ് എന്റെ വിശ്വാസം. അദ്ദേഹത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ലഭിക്കാനുണ്ട് പ്രേക്ഷകർക്ക്. അതിനുള്ള എല്ലാ വിജയാശംസകളും നേരുകയാണ് ഞാൻ.

എന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളിലും ഞാൻ താങ്കൾക്കൊപ്പമുണ്ടായിരുന്നു. അഭിമാനത്തോടും, സന്തോഷത്തോടും ഞാൻ നിങ്ങൾക്കൊപ്പം യാത്ര ചെയ്തു. പ്രതിന്ധികളിൽ നിങ്ങൾ താങ്ങും തണലുമായി എനിക്കൊപ്പമുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലും എന്നെ മുൻപോട്ട് നയിച്ചതിന് നന്ദി പറയുന്നു.

സ്‌നേഹപൂർവം

ഗൗതമി