കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഏഴ് വിക്കറ്റ് തോൽവി വഴങ്ങി പരമ്പര കൈവിട്ടതിന് പിന്നാലെ നാലാം ദിനം ഇന്ത്യയുടെ തന്ത്രങ്ങളെ ചോദ്യം ചെയ്തത് മുൻ നായകൻ സുനിൽ ഗവാസ്‌കർ . 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം 101-2 എന്ന നിലയിലാണ് ക്രീസിലിറങ്ങിയത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ പരമ്പര മോഹങ്ങൾ ബൗണ്ടറി കടത്തുകയും ചെയ്തു.

നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ ഏഴ് വിക്കറ്റ് ശേഷിക്കെ 41 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ലഞ്ചിനുശേഷം ഗ്രൗണ്ടിലിറങ്ങിയപ്പോൾ 8.3 ഓവറിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം അടിച്ചെടുത്തു. ലഞ്ചിനുശേഷം ഇന്ത്യ ജസ്പ്രീത് ബുമ്രയെയോ മുഹമ്മദ് ഷമിയെയോ ഷർദ്ദുൽ ഠാക്കൂറിനെയോ ഉപയോഗിക്കാതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് ഗവാസ്‌കർ തുറന്നടിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം അത് ദുരൂഹമാണ്. കാരണം ലഞ്ചിനുശേഷം ബുമ്രയോ ഷർദ്ദുലോ ഒറ്റ ഓവർ പോലും എറിഞ്ഞില്ല. അതോ ആ സമയം തന്നെ ഇന്ത്യ കളി തോറ്റതായി സമ്മതിച്ചുവോ എന്നറിയില്ലെന്നും മത്സരശേഷം ഗവാസ്‌കർ പറഞ്ഞു. അതുപോലെ അശ്വിൻ ബൗൾ ചെയ്യുമ്പോഴുള്ള ഫീൽഡിങ് വിന്യാസത്തെയും ഗവാസ്‌കർ വിമർശിച്ചു. അശ്വിൻ പന്തെറിയുമ്പോൾ ആക്രമണോത്സുക ഫീൽഡൊരുക്കുന്നതിന് പകപം അനായാസം സിംഗിളുകളെടുക്കാൻ കഴിയുന്ന ഫീൽഡിങ് വിന്യാസമായിരുന്നു ഉണ്ടായിരുന്നത്.

അഞ്ച് ഫീൽഡർമാരായിരുന്നു ആ സമയം ബൗണ്ടറിയിലുണ്ടായിരുന്നത്. ബാറ്റർമാർ അനാവശ്യ ഷോട്ടുകൾ കളിക്കാതെയെങ്ങനെയാണ് അവരെ പുറത്താക്കാനാവുക. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നില്ലെങ്കിലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പുറത്തെടുത്ത പോരാട്ടവീര്യം അഭിനന്ദനീയമാണ്. അതാണ് ഒറു ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.