- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശത്തേരിലേറി ഗവി; പുഷ്പ കിരീടം സമ്മാനിച്ചും ആരതിയുഴിഞ്ഞും ജനീഷ് കുമാറിന് സ്വീകരണമൊരുക്കി തോട്ടം തൊഴിലാളികൾ; കോന്നിയിൽ ഇടതുപക്ഷം പ്രതീക്ഷയിൽ
ഗവി: പ്രകൃതിമനോഹരമായ ഗവിയുടെ മണ്ണിൽ എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിനെ ആരതിയുഴിഞ്ഞും പുഷ്പ കിരീടം സമ്മാനിച്ചും ശ്രീലങ്കൻ അഭയാർത്ഥികളായ തോട്ടം തൊഴിലാളികൾ സ്വീകരിച്ചു. സ്വീകരണ പര്യടനം ഗവിയിലെത്തിയപ്പോൾ ആവേശത്തേരിലായിരുന്നു തോട്ടം തൊഴിലാളികൾ. മറ്റു മേഖലകളിൽ നിന്നും വിഭിന്നമായ സ്വീകരണമായിരുന്നു ഗവിയിലേത്. ശ്രീലങ്കൻ ആചാര പ്രകാരമായിരുന്നു ജനീഷ് കുമാറിനെ തോട്ടംതൊഴിലാളികൾ വരവേറ്റത്. സ്വീകരണം ഏറ്റുവാങ്ങുന്നതിനായി വൈകുന്നേരത്തോടെ പച്ചക്കാലം ചെക്പോസ്റ്റിൽ എൽഡിഎഫ് നേതാക്കൾക്ക് ഒപ്പം സ്ഥാനാർത്ഥിയെത്തിയപ്പോൾ ചെങ്കൊടിയേന്തി നിരവധി തൊഴിലാളികളായിരുന്നു അവിടെ കാത്തുനിന്നത്. എല്ലാവരെയും അഭിവാദ്യം ചെയ്ത ശേഷം അവിടെ നിന്ന് ഒട്ടനവധി വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു പര്യടന യാത്ര തുടർന്നത്.
എല്ലാവരുടെയും സ്നേഹാദരവ് ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥനയും നടത്തിയ ശഷം പ്രവർത്തകർക്കൊപ്പം ഗവിയിലേക്ക് യാത്ര തിരിച്ചു. അവിടെയും ആരെയും അതിശയിപ്പിക്കുന്ന സ്വീകരണമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പം നിന്ന് പ്രവർത്തിച്ച എംഎൽഎ സ്ഥാനാർത്ഥിയായി വീണ്ടും എത്തിയപ്പോൾ സ്വീകരിക്കാൻ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധിയാളുകളാണ് തടിച്ചുകൂടിയത്. പുഷ്പങ്ങൾ വിതറിയും കർപ്പൂരം ഉഴിഞ്ഞുമായിരുന്നു അവർ സ്ഥാനാർത്ഥിയെ തങ്ങളുടെ നാട്ടിലെക്ക് സ്വീകരിച്ചത്. വാർഡ് അംഗം ഗങ്കമ്മ മുനിയാണ്ടി, ലോക്കൽ കമ്മിറ്റിയംഗം എ.രാജൻ, ബ്രാഞ്ച് സെക്രട്ടറി വി. കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാലയണിയിച്ച് തൊഴിലാളികൾ സ്ഥാനാർത്ഥിക്ക് പിന്തുണയറിച്ചു. കാലങ്ങളായുള്ള പരാതി പരിഹരിക്കാൻ ഒപ്പം നിന്ന എംഎൽഎയെ സ്നേഹ ചുംബനങ്ങൾ നൽകിയാണ് ലയത്തിൽ താമസമാക്കിയ അമ്മമാർ സ്വീകരിച്ചത്.
ഗവിയിലെ തൊഴിലാളി സമൂഹത്തിന്റെ പിന്തുണയേറ്റുവാങ്ങിയ സ്ഥാനാർത്ഥി പിന്നീട് മീനാറിലെ സ്വീകരണ യോഗത്തിലേക്കാണ് പോയത്. രാത്രിയേറെ വൈകിയെങ്കിലും മീനാറിലെത്തിയപ്പോൾ പ്രവർത്തകരെപ്പോലും അതിശയിപ്പിക്കുന്ന സ്വീകരണമായിരുന്നു ജനീഷ് കുമാറിന് തൊഴിലാളികൾ ഒരുക്കിയത്. മീനാറിൽ നടന്ന സ്വീകരണ പര്യടനത്തിന്റെ സമാപന സമ്മേളനം സിപിഐഎം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ മീനാർ ബ്രാഞ്ച് സെക്രട്ടറി രാജതുര അദ്ധ്യക്ഷത വഹിച്ചു. മറുപടി പ്രസംഗം നടത്തിയ സ്ഥാനാർത്ഥി ലയത്തിലെ തൊഴിലാളികൾ നൽകിയ കട്ടൻകാപ്പി കുടിച്ചും വോട്ടഭ്യർത്ഥന നടത്തിയുമാണ് ഗവിയിൽ നിന്ന് മടങ്ങിയത്.