കൊല്ലം: ഗവിയിലെ 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കുന്നതു സംബന്ധിച്ച നീക്കങ്ങളെല്ലാം നടത്തിയത് രഹസ്യമായി. വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയുടെ പരിപാലനം 'കാർബൺ ന്യൂട്രൽ പദ്ധതി' എന്നപേരിൽ അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാനുള്ള പദ്ധതിനിർദ്ദേശം സർക്കാർ അംഗീകരിക്കില്ല. ആഗോള ഭീമന്മാരായ ഷെൽ എന്ന കമ്പനിക്ക് വേണ്ടിയാണ് നീക്കം. ദുരൂഹതകൾ ഏറെയുള്ള പദ്ധതി വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നാണ് സൂചന. അതിനിടെ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പദ്ധതിയുമായി മുമ്പോട്ട് പോകാനും അണിയറ നീക്കങ്ങൾ സജീവമാണ്. നെതർലൻഡ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ആംഗ്ലോ-ഡച്ച് എണ്ണ-വാതക കമ്പനിയാണ് ഷെൽ.

അമേരിക്കൻ ഏജൻസി വഴിയാണ് കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാ(സി.എസ്.ആർ.)ഫണ്ട് ലഭ്യാക്കാനുള്ള നീക്കം. ഈ ഫണ്ടിൽ നിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യത്തെ ആലോചന. വിവാദമാകുമെന്നു കണ്ട്, പിന്നീട് 15 വർഷമായി ചുരുക്കി. വർഷംതോറും കമ്പനി നൽകാമെന്നേറ്റ തുകയിലും കുറവുവരുത്തിയതായി സൂചനയുണ്ട്. ഇതെല്ലാം ഈ പദ്ധതിയെ ദുരൂഹമാക്കുന്നു.

പെരിയാർ കടുവാ സങ്കേതത്തിലെ പാടം എന്ന സ്ഥലത്ത് ഭീകരരുടെ ക്യാമ്പ് നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. സ്‌ഫോടനം അടക്കം ഇവിടെ സംഭവിച്ചുവെന്നായിരുന്നു ഉയർന്ന ആരോപണം. ഈ സംഘത്തിന് ഒത്താശ ചെയ്ത ഒരു ഉദ്യോഗസ്ഥനാണ് വിദേശ കമ്പനിയെ ഗവിയിലേക്ക് കൊണ്ടു വരുന്നത്. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നു. അതിനിടെ കെഎഫ്ഡിസി ഗവി ഡിവിഷന്റെ പരിധിയിലുള്ള സ്ഥലങ്ങൾ കടുവാ സംരക്ഷിത മേഖലയാക്കി മാറ്റാനുള്ള നീക്കം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഇതിനു മുന്നോടിയായി ഗവി ഡിവിഷനിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ വംശജരായ തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചാൽ ഒഴിഞ്ഞ് പോകാൻ തയാറാണോയെന്നു ചോദിച്ചു കെഎഫ്ഡിസി അധികൃതർ കത്തു നൽകി. ഇതിന് പിന്നിലും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. വനം മന്ത്രി എകെ ശശീന്ദ്രനും ഗവി സ്വകാര്യ കമ്പനിക്ക് പരിപാലനത്തിന് നൽകുന്നതിനെ എതിർക്കുകയാണ്.

കമ്പനിയുടെ ഫണ്ട് സ്വീകരിച്ച് ജൈവവൈവിധ്യ കലവറയായ ഗവിയിലെ ഭൂമി കൈമാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ആശങ്ക മുഖ്യമന്ത്രിയും തിരിച്ചറിയുന്നു. പശ്ചിമഘട്ടമേഖലയിൽ പരിപാലനത്തിനെന്നപേരിൽ വിദേശ കമ്പനിയെ കൊണ്ടുവന്നാൽ ജൈവവൈവിധ്യം സംബന്ധിച്ച് ഗവേഷണം നടത്താനും അത് ചൂഷണം ചെയ്യാനുമുള്ള സാധ്യത ഉണ്ടാകും. വിഭാവനം ചെയ്തിരിക്കുന്ന കരാറനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വിദേശത്താണ് നടത്തേണ്ടത്. ഇതെല്ലാം കേരളത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണ്. വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കം സംബന്ധിച്ച് വാർത്ത പുറത്തുവന്നതോടെ വനംമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്.

ആഗോള ഭീമന്മാരായ കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവി സന്ദർശിച്ചതും സർക്കാരിനെ അറിയിക്കാതെയാണെന്നാണ് വിവരം. പെരിയാർ കടുവാ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനമായ ഗവിയിലെ വനഭൂമിയിൽ വിദേശ കമ്പനി പ്രതിനിധികൾ എത്തുന്ന വിവരം കടുവാസങ്കേതം ഫീൽഡ് ഓഫീസിലും അറിയിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ആദ്യം തയ്യാറാക്കിയ പദ്ധതിനിർദ്ദേശമനുസരിച്ച് ഗവിയിലെ വനഭൂമി 50 വർഷത്തേക്ക് വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു പരിപാടിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വിദേശ കമ്പനിയുമായി സഹകരിച്ചുള്ള വന പരിപാലന പദ്ധതിയുടെ നിർദ്ദേശം വനംവകുപ്പിന് ലഭിച്ചിരുന്നുവെന്നും വിദഗ്ധപരിശോധന ആവശ്യമായതിനാൽ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി ആലോചിക്കേണ്ട വിഷയമാണ്. ധൃതിപിടിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കമ്പനിക്ക് ഗവിയിൽ ഓഫീസ് സൗകര്യം ചെയ്തുകൊടുക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നത്രേ. വിവാദമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കരാർ കാലാവധി 15 വർഷമായി ചുരുക്കി. ഓഫീസ് തുടങ്ങുന്ന കാര്യം പുതിയ പദ്ധതിനിർദ്ദേശത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തുവെന്നാണ് മാതൃഭൂമിയിൽ രതീഷ് രവി റിപ്പോർട്ട് ചെയ്യുന്നത്. കേരള വനം വികസന കോർപ്പറേഷനിൽ നിലവിൽ ഡയറക്ടർ ബോർഡ് ഇല്ല. സർക്കാർ ഉദ്യോഗസ്ഥരായ നാലുപേരാണ് ഇപ്പോൾ ബോർഡ് അംഗങ്ങളായി പ്രവർത്തിക്കുന്നത്. ചെയർപേഴ്‌സൺ, വനം സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ധനവകുപ്പിൽനിന്നുള്ള പ്രതിനിധി എന്നിവരാണവർ. ഇവർക്ക് പദ്ധതിനിർദ്ദേശത്തിന്റെ പകർപ്പ് നൽകിയിരുന്നു. വനംവകുപ്പിനു നൽകിയ പദ്ധതിനിർദ്ദേശത്തിൽ ചെയർപേഴ്‌സൺ ലതികാ സുഭാഷിന്റെ ഒപ്പുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ശ്രീലങ്കയിൽ നിന്ന് അഭയാർഥികളായി 1971-78 കാലഘട്ടത്തിൽ എത്തിയ തമിഴ് വംശജരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ഗവി ഡിവിഷനിൽ ജോലി ചെയ്യുന്ന 160 തൊഴിലാളികൾ. ഇവരുടെ ആശ്രിതരുൾപ്പെടെ 500ൽ അധികം ആളുകൾ ഗവിയിൽ ഇപ്പോൾ താമസമുണ്ട്. ഒരാഴ്ച മുൻപാണ് 2 പേജുള്ള ഫോം ഗവി ഡിവിഷൻ ഓഫിസിൽ നിന്ന് നൽകി തുടങ്ങിയത്. താൽപര്യം ഉള്ളവർക്ക് ഇവ പൂരിപ്പിച്ച് തിരികെ നൽകാം. ആരെയും നിർബന്ധിക്കുന്നില്ലെന്നും തിരികെ ലഭിക്കുന്ന സമ്മതപത്രങ്ങൾ കോട്ടയം ഡിവിഷൻ ഓഫിസിലേക്ക് അയയ്ക്കുമെന്നും ഡിവിഷൻ മാനേജർ അറിയിച്ചിട്ടുണ്ട്.



ഗവിയിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ വംശജരായ തൊഴിലാളികളോട് ഒഴിഞ്ഞ് പോകാൻ തയാറാണോയെന്നു ചോദിച്ചു കെഎഫ്ഡിസി അധികൃതർ നൽകിയ സമ്മതപത്രം. ഗവി മേഖലയിൽ നിന്ന് കഴിവതും ആളുകളെ ഒഴിപ്പിച്ച ശേഷം ഈ പ്രദേശം പൂർണമായും കടുവ സംരക്ഷിത മേഖലയാക്കി മാറ്റുന്നതിനുള്ള നീക്കം കഴിഞ്ഞ കുറെ വർഷങ്ങളായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. രണ്ട് മാസം മുൻപ് കെഎഫ്ഡിസി എംഡി പ്രകൃതി ശ്രീവാസ്തവ ഗവിയിൽ എത്തി തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു.

10 ലക്ഷം രൂപയിൽ കുറയാതെ നഷ്ടപരിഹാരം ലഭിച്ചാൽ ഗവിയിലെ ജോലിയും മറ്റ് എല്ലാ അവകാശ വാദങ്ങളും ഉപേക്ഷിച്ച് പോകുമോ എന്നായിരുന്നു പ്രധാന ചോദ്യമെന്നു തൊഴിലാളികൾ പറയുന്നു. ചിലർ ഈ പാക്കേജിനെ അനുകൂലിച്ചെങ്കിലും ഇത്രയും കുറഞ്ഞ തുകയുമായി ഗവി വിട്ടുപോകുന്നതിനോടു ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും താൽപര്യമില്ല. അതേസമയം, മാന്യമായ നഷ്ടപരിഹാരം ലഭിച്ചാൽ പോകുന്നതിനോടു എതിർപ്പില്ലെന്നും ചിലർ പറയുന്നു.

ഗവി വനമേഖല ഗൂഡ്രിക്കൽ റേഞ്ചിന്റെ കീഴിലാണ്. ഗവിയിൽ നിന്ന് കുമളിവള്ളക്കടവിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളുടെ പരിധിയിലാണ്. കെഎഫ്ഡിസിയുടെ പരിധിയിലുള്ള മിക്ക പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടെന്നു വനം വകുപ്പ് പറയുന്നു.