- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്കുറി ഈസ്റ്റർ ഞായറാഴ്ച യുകെ മലയാളികൾ ഒരു പുതിയ താരപ്പിറവി ആഘോഷിക്കുമോ? ഐടിവിയിൽ ശനിയാഴ്ച പാട്ടുപാടി ദി വോയ്‌സിന്റെ ഫൈനലിൽ എത്താൻ മലയാളി പെൺകൊടി ഗായത്രി നായർ; ആകാംക്ഷയോടെ ബ്രിട്ടീഷ് മാധ്യമങ്ങളും മലയാളി സമൂഹവും; കോട്ടയംകാരിക്കു വേണ്ടി വോട്ടുചെയ്യാൻ തയ്യാറായി സംഗീതപ്രേമികളായ പ്രവാസികൾ
ലണ്ടൻ: ലൂട്ടനിലെ മലയാളി പെൺകുട്ടി ഗായത്രി നായർ ഈ ശനിയാഴ്ച ബ്രിട്ടനിലെ ഏറ്റവും പ്രസ്റ്റീജ് പാട്ടു മത്സരമായ ദി വോയ്‌സിൽ ഗാനമാലപിക്കാൻ ഒരുങ്ങുമ്പോൾ യുകെയിലെ മലയാളി സമൂഹം വലിയൊരു പ്രാർത്ഥനയിലാണ്. ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ഈ കൊച്ചു ഗായിക ദി വോയ്‌സിന്റെ ഫൈനലിൽ എത്തണമെന്ന മോഹത്തിലാണ് ഏവരും. ഐടിവി യുടെ സ്റ്റാർ സംഗീത മത്സരമായ ദി വോയ്സിൽ സെമി ഫൈനലിൽ പാടാൻ എത്തുന്ന എട്ടുപേരും ഒരു പോലെ പ്രതിഭകളാണ്. വിധികർത്താക്കൾക്കു ആരെയും തിരഞ്ഞെടുക്കാൻ പ്രത്യേകിച്ച് കുറ്റം ഒന്നും കണ്ടെത്താൻ കഴിയാത്ത മട്ടിൽ പാടാൻ കഴിവുള്ളവരാണ് എട്ടുപേരും.അപ്പോൾ എങ്ങനെ നാല് പേരെ പുറം തള്ളും? അതിനുള്ള ഏക വഴിയാണ് പൊതുജനത്തെ കൊണ്ട് അഭിപ്രായം പറയിപ്പിക്കുക എന്നത്. അതിനാൽതന്നെ ഗായത്രിക്കുവേണ്ടി വോട്ടുചെയ്യാൻ തയ്യാറായിരിക്കുകയാണ് യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം. ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന നാലുപേരെ കണ്ണും പൂട്ടി ഫൈനലിലേക്ക് പറഞ്ഞു വിടുന്നതാണ് ദി വോയ്‌സിന്റെ മത്സര രീതി. ഏറ്റവും നന്നായി പാട്ടുപാടി തന്നെയാണ് ഗ
ലണ്ടൻ: ലൂട്ടനിലെ മലയാളി പെൺകുട്ടി ഗായത്രി നായർ ഈ ശനിയാഴ്ച ബ്രിട്ടനിലെ ഏറ്റവും പ്രസ്റ്റീജ് പാട്ടു മത്സരമായ ദി വോയ്‌സിൽ ഗാനമാലപിക്കാൻ ഒരുങ്ങുമ്പോൾ യുകെയിലെ മലയാളി സമൂഹം വലിയൊരു പ്രാർത്ഥനയിലാണ്. ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ഈ കൊച്ചു ഗായിക ദി വോയ്‌സിന്റെ ഫൈനലിൽ എത്തണമെന്ന മോഹത്തിലാണ് ഏവരും. ഐടിവി യുടെ സ്റ്റാർ സംഗീത മത്സരമായ ദി വോയ്സിൽ സെമി ഫൈനലിൽ പാടാൻ എത്തുന്ന എട്ടുപേരും ഒരു പോലെ പ്രതിഭകളാണ്. വിധികർത്താക്കൾക്കു ആരെയും തിരഞ്ഞെടുക്കാൻ പ്രത്യേകിച്ച് കുറ്റം ഒന്നും കണ്ടെത്താൻ കഴിയാത്ത മട്ടിൽ പാടാൻ കഴിവുള്ളവരാണ് എട്ടുപേരും.അപ്പോൾ എങ്ങനെ നാല് പേരെ പുറം തള്ളും? അതിനുള്ള ഏക വഴിയാണ് പൊതുജനത്തെ കൊണ്ട് അഭിപ്രായം പറയിപ്പിക്കുക എന്നത്. അതിനാൽതന്നെ ഗായത്രിക്കുവേണ്ടി വോട്ടുചെയ്യാൻ തയ്യാറായിരിക്കുകയാണ് യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം.
ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന നാലുപേരെ കണ്ണും പൂട്ടി ഫൈനലിലേക്ക് പറഞ്ഞു വിടുന്നതാണ് ദി വോയ്‌സിന്റെ മത്സര രീതി. ഏറ്റവും നന്നായി പാട്ടുപാടി തന്നെയാണ് ഗായത്രി സെമി ഫൈനലിൽ എത്തിയിരിക്കുന്നതും. എലിമിനേഷൻ റൗണ്ടുകൾ കടന്നുവന്ന ഗായത്രി എന്ന പതിനാറുകാരി ഈ മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. പതിനാറു വയസു മുതലാണ് മത്സരിക്കാൻ യോഗ്യത എന്നതിനാൽ ഈ വർഷം അപേക്ഷ നൽകിയപ്പോൾ തന്നെ ഗായത്രി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു. ദി വോയ്സിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ഏഷ്യക്കാരിയും ഗായത്രി ആണെന്നാണ് കരുതപ്പെടുന്നത്. ഇതോടെ യുകെ മലയാളി സമൂഹത്തിനു കൂടി അഭിമാനിക്കാൻ കഴിയുന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഈ മിടുമിടുക്കി.
ലക്ഷക്കണക്കിന് ആളുകൾ ശനിയാഴ്ച രാത്രി എട്ടരയ്ക്ക് ഐടിവിയുടെ മുന്നിൽ എത്തുന്നത് ഗായത്രിയുടെ കൂടി പാട്ടു കേൾക്കാൻ ആണെന്നത് അല്പം അഹങ്കാരത്തോടെ തന്നെ ഓരോ യുകെ മലയാളിക്കും പറയാം. കോട്ടയത്ത് നിന്നും യുകെ യിലേക്ക് കുടിയേറിയ സുനിൽ നായരുടെ ഏക മകൾ സ്‌കൂൾ പഠനം എട്ടാം വയസിൽ നിർത്തി പൂർണമായും സംഗീതത്തിന്റെ വഴിയിലേക്ക് എത്തി. ഈ തീരുമാനം പൂർണമായും ശരിയായിരുന്നു എന്നാണ് ഗായത്രി ഇതുവരെ നേടിയ നേട്ടങ്ങൾ തെളിയിക്കുന്നത്. പത്തു വയസ്സിനകം കരാട്ടെയും ജിംനാസ്റ്റിക്‌സും ഒക്കെ പഠിച്ചു നേട്ടങ്ങൾ സ്വന്തമാക്കിയ കുട്ടിയാണ് അതെല്ലാം മറന്ന് സംഗീതം ജീവിതചര്യയാക്കിയത്. മറ്റുള്ള കുട്ടികൾ സ്‌കൂളിൽ പോയപ്പോൾ യാതൊരു സങ്കോചവും കൂടാതെ് ഗായത്രി സ്‌കൂൾ ഉപേക്ഷിച്ച് സംഗീതപഠനത്തിന് പോകുകയായിരുന്നു.
മാത്രമല്ല, സംഗീത പഠനം തുടങ്ങി മൂന്നു വർഷംകൊണ്ട് സാധാരണ കുട്ടികൾ പത്തു വർഷംകൊണ്ട് പഠിക്കുന്ന കാര്യങ്ങൾ ഗായത്രി ഹൃദ്യസ്ഥമാക്കി . ഇതോടെ ഈ പ്രതിഭ ഗാനരംഗത്തു നേട്ടങ്ങൾ കൊയ്തവരുടെ മനസ്സുകളിലും ഇടംപിടിച്ചു. ഇതിനകം യുകെയിലെ ഏറ്റവും വിലപിടിപ്പുള്ള ബാൻഡായ ജെ എൽ എസിനൊപ്പം പോലും പടിക്കഴിഞ്ഞ ഗായത്രി പതിനായിരങ്ങൾ തിങ്ങി നിറയുന്ന വെംബ്ലി അരീനയിൽ കഴിഞ്ഞ വർഷം അമേസിങ് ഗ്രെസ്സ് പാടിയും പാട്ട് തനിക്കു ജീവശ്വാസം പോലെ പ്രിയങ്കരമാണ് എന്നും തെളിയിച്ചിരുന്നു.
സാധാരണ ഏതൊരു അച്ഛനെയും പോലെ സുനിലും ഗായത്രിയുടെ സ്‌കൂൾ പഠനത്തിൽ ശ്രദ്ധ നൽകിയപ്പോൾ തികച്ചും ആകസ്മികമായാണ് ഈ പെൺകുട്ടി പാട്ടിനെ തേടി എത്തുന്നത്, അഥവാ പാട്ടു ഗായത്രിയെ തേടി എത്തുന്നത്. ഗായത്രിക്കു എട്ടു വയസുള്ളപ്പോൾ ഒരു ഒഴിവു ദിവസം അച്ഛനോടപ്പം ലണ്ടനിൽ ഷോപ്പിങ് നടത്തുമ്പോൾ നീന സിമ്മണിന്റെ പാട്ടുകേട്ട് ശ്രദ്ധിച്ച സുനിലിനോട് ഗായത്രി പെട്ടെന്നൊരു ചോദ്യമെറിഞ്ഞു, 'അച്ഛാ എന്നെയും പാട്ടു പഠിപ്പിക്കുമോ?'.
ആ ചോദ്യമാണ് ഗായത്രി എന്ന പെൺകുട്ടിയുടെ ജീവിതം വഴി തിരിച്ചു വിട്ടത്. വെറും കൗതുകത്തിന് പാട്ടു ടീച്ചറുടെ അടുക്കൽ എത്തിച്ച ഗായത്രിയുടെ പാട്ടുകേട്ട്, കുട്ടി നന്നായി പാടുന്നുണ്ടെന്നായി അദ്ധ്യാപിക. ഉപകരണ സംഗീതം കൂടി ഉണ്ടെങ്കിലേ നല്ല ഭാവി കിട്ടൂ എന്നായപ്പോൾ പിയാനോ പഠനവും ആരംഭിച്ചു. പിന്നെ ഗായത്രി എത്തുന്നത് യുകെയിലെ ഏറ്റവും പ്രശസ്തമായതും പാരമ്പര്യം ഉള്ളതുമായ സംഗീത സ്‌കൂളിലാണ്. പ്രതിവർഷം 32000 പൗണ്ട് പഠന ചിലവുള്ള സ്‌കൂളിൽ മുഴുവൻ ഫീസും ഗായത്രിയുടെ കഴിവിന് മുന്നിൽ സ്‌കോളർഷിപ്പായി പറന്നെത്തി. വാറ്റ്‌ഫോഡിലെ പ്യൂർസെൽ സംഗീത സ്‌കൂളിൽ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഗായത്രി അടുത്ത വർഷം യൂണിവേഴ്‌സിറ്റിയിൽ മ്യൂസിക് കോഴ്സിൽ ചേരാൻ ഉള്ള തയ്യാറെടുപ്പിലാണ് .
ഇപ്പോൾ ബ്രിട്ടനിലെ ഏതു വാർത്താ മാധ്യമത്തിലും താരവുമാണ് ഗായത്രി . ഈ ആഴ്ച നടക്കുന്ന സംഗീത മത്സരത്തിന്റെ വാർത്തകളിൽ നിറയുന്നതും ഗായത്രി തന്നെയാണ്. സ്വാഭാവികമായും കുടിയേറ്റക്കാരിയായി എത്തിയ പെൺകുട്ടിയോട് മാധ്യമങ്ങൾ പ്രത്യേക സ്‌നേഹം കാട്ടുന്നു എന്നുവേണം അനുമാനിക്കാൻ. ദി സൺ പോലെയുള്ള പത്രങ്ങൾ ഒക്കെ ഗായത്രിയുടെ പേര് തലക്കെട്ടാക്കിയാണ് ആഘോഷിക്കുന്നത്. ഇതിനാൽ യുകെ മലയാളികൾ കൂടി വോട്ടു ചെയ്താൽ ഈ മിടുക്കി കുട്ടി യുകെയിൽ പാട്ടിന്റെ ലോകത്തു പുതു ചരിത്രമാകും എന്നുറപ്പ്. ശനിയാഴ്ച രാവിലെയാണ് ഗായത്രിക്കു വേണ്ടി വോട്ടു ചെയ്യേണ്ട നമ്പർ ഐടിവി പുറത്തു വിടുക.
എന്നാൽ ദി വോയ്‌സിന്റെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്താൽ അഞ്ചു വോട്ടു വീതം ചെയ്യാമെന്ന് ഗായത്രിയുടെ അച്ഛൻ സുനിൽ നായർ പറയുന്നു. വയോധികരും രോഗിയുമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് ഒപ്പം ഗായത്രിയുടെ പാട്ടിനു പിന്തുണ നൽകാനും വേണ്ടി സോഫ്്ട് വെയർ ആര്കിടെക്ച്ചർ ആയ സുനിൽ ജോലി ഉപേക്ഷിച്ചാണ് സദാസമയം ശ്രദ്ധ നൽകുന്നത്. ഇക്കുറി ഈസ്റ്റർ ഞായറിനു യുകെ മലയാളികൾക്ക് ഒരു താരപ്പിറവി കൂടി കാണാൻ ഭാഗ്യം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് യുകെയിലെ പ്രവാസിലോകം.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ