തിരുവനന്തപുരം: ഗായത്രി ദേവിയുടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത് പ്രണയ ചതി. ജോയ് ആലുക്കാസ് ജുവലറിയിൽ ജീവനക്കാരായിരുന്ന ഗായത്രിയും പ്രവീണും രണ്ട് വർഷം മുൻപാണ് അടുപ്പത്തിലായത്. വിവാഹിതനായിരുന്നെങ്കിലും അത് മറച്ചു വച്ചാണ് ഇയാൾ ഗായത്രിയെ വശത്താക്കിയത്. എന്നാൽ ഇക്കാര്യം പിന്നീട് ഗായത്രി അറിഞ്ഞുവെങ്കിലും മുൻ വിവാഹബന്ധം വേർപെടുത്താമെന്ന് പ്രവീൺ വാക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പള്ളിയിലെ താലികെട്ട്.

തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെട്ടുകാടിന് അടുത്ത ഒരു പള്ളിയിൽ വച്ച് വിവാഹം ചെയ്യുകയും ചെയ്തു. ഞായറാഴ്ചകളിൽ മാത്രം ആരാധനയ്ക്ക് വിശ്വാസികളെത്തുന്ന പള്ളിയിൽ ആയിരുന്നു താലികെട്ട്. ഗായത്രിയുടെ വിശ്വാസം നേടിയെടുക്കാനായിരുന്നു ഇത്. ഈ വിവരം അറിഞ്ഞ് പ്രവീണിന്റെ ഭാര്യ ജുവലറിയിലെത്തി ബഹളം വച്ചിരുന്നു. പിന്നീട് കാട്ടാക്കടയിലെ ഗായത്രിയുടെ വീട്ടിലെത്തിയും ഭീഷണി മുഴക്കി. ഇതോടെയാണ് ജോയ് അലുക്കാസിലെ ജോലി ഗായത്രി ഉപേക്ഷിച്ചത്. അമ്മയുടെ നിർബന്ധത്തെ തുടർന്നായിരുന്നു ഇത്.

വീരണാകവിലെ വീട്ടിലെത്തി പ്രവീണിന്റെ ഭാര്യ അമ്മയെ അടക്കം ഭീഷണിപ്പെടുത്തിയെന്നും സൂചനയുണ്ട്. അതിനിടെ പ്രവീൺ പിന്നേയും നാടകം കളിച്ചു. ഗായത്രിയെ പൊന്നു പോലെ നോക്കുമെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകി. അമ്മയെ കെട്ടിപിടിച്ചായിരുന്നു വാക്ക് കൊടുക്കൽ. ഇത് അവർ വിശ്വസിക്കുകയും ചെയ്തു. പ്രവീൺ ഡൈവേഴ്‌സ് ആയ ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്ന് അവർ പ്രതികരിച്ചതായും സൂചനയുണ്ട്. മകളെ ബന്ധത്തിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതിന് ശേഷം പ്രവീണിന്റെ ഭാര്യ വീണ്ടും ഗർഭിണിയായി. ഇതോടെ പ്രവീൺ മകളെ ചതിക്കുകയായിരുന്നുവെന്ന് അമ്മ തിരിച്ചറിഞ്ഞു. ഇതോടെ കർശന നിലപാടുകൾ അവർ എടുത്തു.

എന്നാലും പ്രവീണുമായുള്ള ബന്ധം ഗായത്രി തുടർന്നിരുന്നു. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് എന്നു പറഞ്ഞാണ് ഗായത്രി വീട്ടിൽ നിന്ന് ശനിയാഴ്ച ഇറങ്ങിയത് ആർക്കും ഒരു സംശയവും തോന്നിയിരുന്നില്ല. രാത്രിയായിട്ടും മകൾ എത്താതായതോടെ ആധി തുടങ്ങി. ഫോണിൽ വിളിച്ചപ്പോൾ എടുത്തത് പ്രവീണും. സംസാരത്തിൽ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നതിനാൽ പൊലീസിൽ പരാതി നൽകി. അതിനിടെ പുലർച്ചെ മകളെ കണ്ടെത്തിയെന്ന് പൊലീസിൽ നിന്ന് അറിയിപ്പെത്തി. അമ്മയും സഹോദരിയും കാട്ടക്കട സ്‌റ്റേഷനിൽ എത്തുകയും ചെയ്തു.

എന്നാൽ തമ്പാനൂരിലേക്ക് പോകാനായിരുന്നു കാട്ടക്കട സ്‌റ്റേഷനിൽ നിന്ന് കിട്ടിയ നിർദ്ദേശം. ഇത് അനുസരിച്ച് അമ്മയും മകളും തമ്പാനൂരിലെത്തി. മകളെ ജീവനോടെ പൊലീസ് കണ്ടെത്തിയെന്നാണ് അവർ കരുതിയത്. ഇതിനിടെയാണ് പോസ്റ്റ് മോർട്ടത്തെ കുറിച്ച് ചിലർ പറയുന്നത് കേട്ടത്. ഇതോടെയാണ് മകൾക്ക് എന്തോ ആപത്തുണ്ടായെന്ന സംശയം ഉയരുന്നത്. അത് പിന്നീട് സത്യമാവുകയും ചെയ്തു. കാട്ടക്കട സ്റ്റേഷനിൽ അമ്മയും മകളും എത്തിയപ്പോൾ തന്നെ ഗായത്രിയുടെ മരണം പൊലീസിന് അറിയാമായിരുന്നു. എന്നിട്ടും ആരോരുമില്ലാത്ത ഇവരെ തമ്പാനൂരിലേക്ക് അയയ്ക്കുകയായിരുന്നു പൊലീസ്.

ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. വീരണകാവ് ചാനൽകര മുരുക്കറ വീട്ടിൽ സുജാതയുടെയും പരേതനായ മാരിയപ്പന്റെയും മകൾ ഗായത്രിയുടെ മൃതദേഹം ഇന്നലെ രാവിലെ 11.30നാണ് വീട്ടിലെത്തിച്ചത്. ജോയ് ആലുക്കാസ് ജുവലറിയിലെ ജോലി രാജിവച്ച ശേഷം വീരണകാവ് അരുവികുഴിയിലെ ജിമ്മിൽ ട്രെയിനറായിരുന്നു ഗായത്രി.

തമ്പാനൂരിൽ ഗായത്രിയുടെ കൊലപാതകത്തിൽ പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി ഗായത്രിയുടെ കുടുംബം രംഗത്തു വന്നിട്ടുണ്ട്. ഗായത്രിയെ പ്രവീൺ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണെന്ന് ഗായത്രിയുടെ അമ്മ സുജാത ആരോപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നെകിൽ ഗായത്രിയെ രക്ഷിക്കാമായിരുന്നെന്നും സുജാത പറഞ്ഞു. തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച അക്ഷയ സെന്ററിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഗായത്രി വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഗായത്രിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വൈകുന്നേരമാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ പൊലീസ് അന്വേഷണം വൈകിയത് മൂലമാണ് മകളുടെ മരണം സംഭവിച്ചതെന്നും അമ്മ സുജാത ആരോപിക്കുന്നു. ഗായത്രിയും പ്രവീണും തമ്മിൽ ഏറെ നാളായി ബന്ധം ഉണ്ടായിരുന്നില്ലെന്നും അമ്മ സുജാത വെളിപ്പെടുത്തി.

ഗായത്രിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയെന്നാണ് കുടുംബത്തിന്റെ ആരോപണം. ശനിയാഴ്ച രാത്രിയിൽ ഗായത്രിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രവീണാണ് സംസാരിച്ചതെന്നും സുജാത പറഞ്ഞു.