- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണുങ്ങളാണ്... അവര് പലതും ചോദിക്കും'; ഇവരോട് ചോദിക്കാം എന്ന തോന്നൽ ഉള്ള കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്; വിനായകന്റെ മി ടൂ പരാമർശത്തിൽ പ്രതികരണവുമായി ഗായത്രി സുരേഷ്; വിഷയത്തിൽ ഒരുപാടങ്ങ് റിയാക്ട് ചെയ്യേണ്ട കാര്യമില്ലെന്നും താരം
തിരുവനന്തപുരം: വിനായകന്റെ മീടു പരാമർശത്തിൽ പലവിധത്തിലുള്ള അഭിപ്രായങ്ങൾ പുറത്ത് വരുന്നുണ്ട്.നിരവധിപേർ വിഷയത്തെ പ്രതികൂലിച്ച് വരുമ്പോൾ പരാമർശം ഇത്രയേറെ വിവാദമാക്കേണ്ടതുണ്ടോ എന്നു ചോദിക്കുന്നവരും ഉണ്ട്. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്.വിനായകന്റെ വാക്കുകൾ കുറച്ച് അരോചകം തന്നെയാണ്. എന്നാൽ ഈ വിഷയത്തിൽ ഇത്രയേറെ വിമർശനം ഉന്നയിക്കേണ്ട കാര്യമില്ലെന്നാണ് നടി പറയുന്നത്. പുരുഷന്മാരാണ്, അവർ പലതും പറയും. തന്നോടായിരുന്നു ഇങ്ങനെ ഒരു ചോദ്യം വന്നത് എങ്കിൽ ലാഘവത്തോടെ മറുപടി നൽകുമായിരുന്നു എന്ന് ഗായത്രി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'വിനായകന്റെ വാക്കുകൾ കുറച്ച് അരോചകം തന്നെയാണ്. നമ്മളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നത് പോലെയാണ് ആ വാക്കുകൾ. പക്ഷേ അങ്ങനെ ചോദിച്ചു എന്നതുകൊണ്ട് ഒരുപാട് അങ്ങ് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങളാണ്... അവര് പലതും ചോദിക്കും. ഇപ്പോൾ എന്നോട് അഭിമുഖങ്ങളിൽ പലതും ചോദിക്കുന്നില്ലേ? എനിക്ക് പല രീതിയിൽ അതിന് മറുപടി നൽകാം. ദേഷ്യപ്പെടാം, നിഷ്‌കളങ്കമായി മറുപടി പറയാം. അത് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നിരിക്കും. എന്നോടാണ് ചോദിക്കുന്നത് എങ്കിൽ ഞാൻ ഇത്ര വലിയ പ്രശ്‌നമാക്കില്ല.
അയാൾ ഒരു ചോദ്യം ചോദിച്ചു. ഞാൻ എന്റെ ഉത്തരം നൽകും. ഞാൻ വളരെ ലാഘവത്തോടെയായിരിക്കും മറുപടി നൽകുക. അത്തരം ചോദ്യങ്ങളെ മി ടൂ ആയി കൂട്ടാൻ പറ്റില്ല. പിന്നെ വേറെ ഒരു കാര്യമുണ്ട്. പെണ്ണുങ്ങളുടെ ആറ്റിട്യൂട് അനുസരിച്ചും ഇരിക്കും. വളരെ സ്‌ട്രോങ്ങ് ആയി നിൽക്കുന്ന ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചോദിക്കില്ല. ഇവരോട് ചോദിക്കാം എന്ന തോന്നൽ ഉള്ള കൊണ്ടാണ് ആണുങ്ങൾ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്' ഗായത്രി സുരേഷ് പറഞ്ഞു.
'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു വിനായകന്റെ വിവാദ പരാമർശം. 'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' എന്നാണ് വിനായകൻ പറഞ്ഞത്.
പരാമർശത്തിനെതിരെ വിവിധ തലങ്ങളിൽ നിന്നും വ്യാപക വിമർശനമുയരുന്നുണ്ട്. വിനായകനൊപ്പം പ്രമോഷൻ ചടങ്ങിൽ പങ്കെടുത്ത നടി നവ്യ നായരും പിന്നീട് പ്രതികരണവുമായെത്തി. തനിക്ക് ഇടപെടാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല അപ്പോഴെന്ന് നവ്യ പറഞ്ഞു. വിനായകൻ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളുടെയടുത്ത് പെട്ടന്ന് കയറി ഇടപെട്ടാൽ തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ