ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിലെ ഈ വർഷത്തെ സീനിയർ സെക്കണ്ടറി പരീക്ഷയിൽ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽപെട്ട ഉംറ്റാറ്റയിൽ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഗായത്രി സുരേഷിന് ലഭിച്ചു. ഈസ്റ്റ ്‌ലണ്ടനിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ വച്ച് സ്‌കോളർഷിപ്പ് അവാർഡും ട്രോഫിയും പ്രിമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേർന്നു സമ്മാനിച്ചു.

വൈദ്യശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ഗായത്രി ഈ മാസാവസാനം യൂണിവേഴ്‌സിറ്റി ഓഫ് കേപ്ടൗണിൽ ചേരുകയാണ്. ആറു വർഷം ദൈർഘ്യമേറിയ ഗായത്രിയുടെ വിദ്യാഭ്യാസ ചെലവ് മുഴുവൻ വിദ്യാഭ്യാസ വകുപ്പാണ് വഹിക്കുന്നത്.

ഉംറ്റാറ്റ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ഗായത്രി, കായംകുളം കൃഷ്ണപുരം സ്വദേശിയായ സുരേഷ്‌കുമാറിന്റെ യും ബിന്ദുവിന്റെയും ഏക മകളാണ്. സുരേഷ്‌കുമാർ വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യുട്ടി ചീഫ് എഡ്യുക്കേഷൻ സ്‌പെഷ്യലിസ്റ്റായും ബിന്ദു സീനിയർ ടീച്ചറായും പ്രവർത്തിക്കുന്നു.

ഗായത്രിയോടൊപ്പം, സഹപാഠിയും ഉത്തമ സുഹൃത്തുമായ അനുഷാ അലക്‌സിനും പഠിച്ച ഏഴ് വിഷയങ്ങളിലും ഡിസ്ടിങ്ങ്ഷൻ ലഭിച്ചത് ചരിത്ര നേട്ടമായി. കൂടാതെ അനുഷ, ഉംറ്റാറ്റ ഹൈസ്‌കൂളിലെ ഡക്‌സ് സ്‌കോളറും മെട്രിക് ഓണേഴ്‌സും ഒരുമിച്ചു നേടുന്ന ആദ്യ മലയാളിയുമായി. ഇതേ സ്‌കൂളിലെ അദ്ധ്യാപകനായ പാലാ തണ്ണിപ്പാറ അനിൽ അലക്‌സിന്റെയും മുൻ അദ്ധ്യാപിക ജോജിയുടെയും സീമന്ത പുത്രിയാണ് അനുഷ.