ഹൈദരാബാദ്: സിനിമരംഗത്ത് വലിയ സ്വാധീനമുള്ള ഒരു നിർമ്മാതാവ് തന്നെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അന്ന് താൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും തെലുങ്ക് നടി ഗായത്രി ഗുപ്ത പറയുന്നു. അടുത്തിടെ ഹിറ്റായ ഫിദാ എന്ന ചിത്രത്തിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് ഗായത്രി. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഫിദായിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്.

സംഭവത്തെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ- ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിർമ്മാതാവ് എന്നെ വിളിച്ചു. വീട്ടിലേക്ക് പോകവേ കാർ കേടായെന്നും വന്ന് പിക്ക് ചെയ്ത് വീട്ടിലെത്തിക്കാമോയെന്നും ചോദിച്ചു. താൻ ഉടൻ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു. എന്നാൽ അകത്തു പ്രവേശിച്ചതും അയാൾ എന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയിൽ ഉയരങ്ങൾ കീഴടക്കിയതെന്നും അയാൾ പറയുന്നുണ്ടായിരുന്നു. എന്നാൽ അയാളിൽ നിന്ന് രക്ഷപ്പെട്ട് താൻ ഉടൻ അവിടം വിടുകയായിരുന്നു. പിന്നീട് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.

കിടപ്പറ പങ്കിടാൻ ലക്ഷക്കണക്കിന് രൂപയാണ് പലരാലും വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാൽ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയിൽ ഒന്നും ആയിത്തീരേണ്ടതില്ലെന്നാണ് അവരോടൊക്കെ താൻ പറഞ്ഞത്. പക്ഷേ ആ ഘട്ടങ്ങളിൽ ഒന്നും താനിത് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. അഭിനയത്തിൽ നിന്നും വീട്ടുകാർ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ആരോടും ഇതൊന്നും പങ്കുവെയ്ക്കാതിരുന്നതെന്നും ഗായത്രി വെളിപ്പെടുത്തി.

സമാന രീതിയിൽ പല നിർമ്മാതാക്കളും സംവിധായകരും, സിനിമയിൽ അവസരം നൽകണമെങ്കിൽ കൂടെ കിടക്കണമെന്ന് നിർബന്ധിച്ചിട്ടുണ്ട്. അവസരം നൽകിയാൽ തനിക്കെന്താണ് നേട്ടമെന്നാണ് ഒരിക്കൽ ഒരു നിർമ്മാതാവ് ചോദിച്ചത്. കൂടെ കിടക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം. അതുമാത്രമായിരുന്നില്ല, സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. അയാളുടെ മുഖത്തടിച്ച് ചുട്ടമറുപടിയും നൽകിയാണ് അന്ന് മടങ്ങിയത്.