കൊച്ചി: മൂന്നു ദിവസം നീണ്ടു നിന്ന കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച ചങ്ങമ്പുഴ പാർക്കിലെ സന്ധ്യയിൽ ചലച്ചിത്ര പിന്നണി ഗായിക സിതാരയുടെ ഹൃദയഹാരിയായ ഗസലുകൾ മഞ്ഞു തുള്ളികളായി പെയ്തിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ആസ്വാദകരുടെ കാതും മനസ്സും കുളിരണിയുകയായിരുന്നു. ലോകപ്രശസ്ത ഗസൽ സമ്രാട്ടുകളുടെ പ്രസിദ്ധങ്ങളായ ഈണങ്ങൾക്ക് പുറമെ തനതു ശൈലികളും സ്വരമാധുരിയും കൊണ്ട് സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയെടുത്ത ഗസൽ ഗായികമാരുടെ ഗീതങ്ങളും സിതാര ആലപിച്ചപ്പോൾ കൊച്ചിയിലെ സംഗീത പ്രേമികൾക്ക്  അതൊരു പുതിയ അനുഭവമായി.

ഇന്ത്യൻ സംഗീത രാജ്ഞി എന്നറിയപ്പെട്ടിരുന്ന ബേഗം അഖ്ത്തറിന്റെ 'യേ ന ഥി ഹമാരി കിസ്മത്ത് ' എന്ന് തുടങ്ങുന്ന മനോഹരമായ ഗസലിൽ തുടങ്ങി പാക്കിസ്ഥാനി ഗസൽ റാണി എന്നറിയപ്പെട്ടിരുന്ന ഫരീദ ഖാനുമിന്റെ പ്രസിദ്ധമായ 'ആജ് ആജ് ജാനേ കി സിദ് നാ കരോ', ഗുലാം അലിയുടെ 'യെ ദിൽ യെ പാഗൽ',  ചിത്ര സിംഗിന്റെ 'ദുനിയാ ജിസേ കെഹത്തെ', മെഹ്ദി ഹസ്സന്റെ 'ഭൂലി ബിസ് രി' തുടങ്ങിയ ഗസലുകൾ ഏറെ ശ്രദ്ധേയങ്ങളായി. ഒപ്പം എംഎസ് ബാബുരാജിന്റെ ഗൃഹാതുരത്വം നിറഞ്ഞ ചലച്ചിത്ര ഗാനങ്ങളിലൂടെ സിതാര ഒരു സംഗീതയാത്ര നടത്തിയപ്പോൾ കരഘോഷത്തോടെ കാണികൾ ഒപ്പം ചേർന്നു. ഉർദു കവി നാസിർ കാസ്മിയുടെ വരികൾക്ക് ലോകോത്തര സൂഫിഖവാലി ഗായികയായ ആബിദ പർവീണിന്റെ സംഗീതത്തിൽ ആലപിക്കപ്പെട്ട 'ജബ്‌സെ തൂനേ.' എന്ന ഗാനത്തോടെ ഒന്നര മണിക്കൂർ നീണ്ടു നിന്ന ഗസൽ സന്ധ്യ അവസാനിച്ചു.

ഹാർമോണിയത്തിൽ പ്രശസ്ത സംഗീതജ്ഞൻ ബേർണി.പിജെ., തബലയിൽ ജിത്തു ഉമ്മൻ തോമസ്, സിത്താറിൽ കെ ജെ പോൾസൺ എന്നിവരായിരുന്നു വേദിയിൽ സിതാരയോടൊപ്പം ഉണ്ടായിരുന്നത്. തുടർന്ന് മദുലിത മോഹപാത്രയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ നൃത്യന്താർ അവതരിപ്പിച്ച ഒഡിസ്സി ഗ്രൂപ്പ് നൃത്താവതരണത്തോടെ  കലാഭാരതി ദേശീയ യുവ നൃത്ത സംഗീതോത്സവത്തിന് തിരശീല വീണു. പൂണെ സ്വദേശി പവിത്രാ ഭട്ട്  ഭരതനാട്യം, ഡോ പ്രതിഭാ ശർമ,ഗുഹാവാത്തി  സാത്രിയ, ഗീതാ പത്മകുമാർ കുച്ചുപ്പുടി, അതിഥി ഭാഗവത്, മുംബൈ  കഥക്, സിതാര കൃഷ്ണകുമാർ ഗസൽ, മദുലിത മോഹപാത്ര, ബാൻഗ്ലൂർ ഒഡിസ്സി എന്നിവരടങ്ങുന്ന ഒമ്പത് യുവ പ്രതിഭകളാണ് നവംബർ പത്തുമുതൽ മൂന്നു ദിവസം നീണ്ടു നിന്ന  ഫെസ്റ്റിവലിൽ കലാവതരണങ്ങൾ നടത്തിയത്. സമാപന യോഗത്തിൽ കലാഭാരതി ചെയർമാൻ കെഐ ഷെബീർ, ഡയറക്ടർ അപർണ,ഡോക്ടർ മോഹൻ ബോസ് എന്നിവർ സംസാരിച്ചു