- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 വർഷത്തിനു ശേഷം ബ്രിട്ടനിൽ മറ്റൊരു ടി വി ചാനൽ കൂടി തുടങ്ങി; ഇതുവരെ കേട്ടു പരിചയിച്ച രീതികളെ മാറ്റാൻ ജി ബി ന്യുസ്; തുടക്കം ഗംഭീരം
ലണ്ടൻ: 1997-ൽ ബി ബിസി യുടെ ബി ബി സി ന്യുസ് 24 ആരംഭിച്ചതിനുശേഷം 24 വർഷങ്ങൾക്കിപ്പുറം ബ്രിട്ടനിൽ ഒരു ടി വി ചാനൽ ആരംഭിക്കുകയാണ്. ഇതിനകം അൽ ജസീറ ഇംഗ്ലീഷ് പോലെ നിരവധി വിദേശ ചാനലുകൾ ആരംഭിച്ചിരുന്നെങ്കിലും ബ്രിട്ടന്റെ തനത് ചാനൽ എന്നുപറയുവാൻ ഒന്ന് ആരംഭിച്ചിരുന്നില്ല. ഈ കുറവാണ് ജി ബി ന്യുസ് എന്ന പുതിയ ചാനൽ നികത്താൻ പോകുന്നത്. മാധ്യമ രംഗത്തെ പ്രമുഖരെ തന്നെയാണ് ഈ പുതിയ ചാനൽ കളത്തിലിറക്കാൻ പോകുന്നത്.
സൈമൺ മെക്കോയ്, വാർത്താ അവതാരകൻ കോളിൻ ബ്രേസിയർ, കോളമിസ്റ്റ് ഡാൻ വൂട്ടൺ തുടങ്ങിയവരുമായി കരാറുകൾ ഒപ്പുവച്ചുകഴിഞ്ഞു. കൂടാതെ ജി ബി ന്യുസിന്റെ ചെയർമാനും, ചാനലിന്റെ മുഖവുമായ ആൻഡ്രൂ നീൽ ആഴ്‌ച്ചയിൽ നാലു തവണ ഒരു പരിപാടിഅവതരിപ്പിക്കുന്നുണ്ട്. ബി ബി സിയിൽ ഏറ്റവും അധികം ആരാധകരുണ്ടായിരുന്ന ഒരു അവതാരകനായിരുന്നു നീൽ. അദ്ദേഹത്തിന്റെ രാഷ്ട്രീയക്കാരുമായുള്ള അഭിമുഖ സംഭാഷണങ്ങളാണ് ഏറെ ജനപ്രീതി പിടിച്ചുപറ്റിയിട്ടുള്ളത്. കഴിഞ്ഞ വർഷമായിരുന്നു ബി ബി സിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പുതിയ ചാനൽ തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.
ഇന്നലെ ചാനലിന്റെ ആദ്യ സംപ്രേഷണത്തിൽ പങ്കെടുത്തുകൊണ്ട് നീൽ പറഞ്ഞത് തന്റെ ചാനൽ ജനങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളായിരിക്കും സംപ്രേഷണം ചെയ്യുക എന്നാണ്. പൊതുജനങ്ങളുടെ അജണ്ടയായിരിക്കും തങ്ങൾ നടപ്പാക്കുക എന്നും അതല്ലാതെ മാധ്യമങ്ങളുടേ അജണ്ടയായിരിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. നിലവിൽ മാധ്യമങ്ങളിൽ പ്രാമുഖ്യം ലഭിക്കുന്ന നഗരകേന്ദ്രീകൃത പരിപാടികളിൽ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷുകാർ എന്ന നിലയിൽ അഭിമാനം കൊള്ളുമ്പോഴും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കുറവുകളും എടുത്തുപറയാന്മടിക്കുകയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചാനലിന്റെ പേരിലെ ബി എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത് ബ്രിട്ടനെയാണെന്ന കാര്യം വിസ്മരിക്കുകയില്ലെന്നും പറഞ്ഞു. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെ ഗർവ്വിനും അഹങ്കാരത്തിനും തക്കതായ മറുപടി നൽകുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള മാധ്യമസ്ഥാപനമായ ഡിസ്‌കവറി ഇൻക് ആണ് ജി ബി ന്യുസിലെ പ്രധാന നിക്ഷേകർ. വർഷത്തിൽ 6,500 മണിക്കൂർ സംപ്രേഷണം നടത്തുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഫ്രീ വ്യു, സ്‌കൈ, വെർജിൻ മീഡിയ എന്നിവയിലൂടെ ബ്രിട്ടനിലെ 96 ശതമാനം ടെലിവിഷൻ പ്രേക്ഷകരിലും എത്തിച്ചേരുവാനാണ് ചാനൽ ശ്രമിക്കുക.
അതേസമയം, തങ്ങളുടെ ചാനൽ പ്രവർത്തനക്ഷമമാകുന്നതിൽ ബി ബി സി തടസ്സം നിന്നു എന്ന ആരോപണവും ജി ബി ന്യുസ് ഉയർത്തിയിട്ടുണ്ട്. ബ്രിട്ടനിലെ പ്രധാന മൂന്ന് ബ്രോഡ്കാസ്റ്റിങ് കമ്പനികൾ നടപ്പിലാക്കിയ പൂളിങ് സിസ്റ്റത്തിൽ നിന്നും പൊതുപരിപാടികളുടെ ചിത്രങ്ങൾ ജി ബി ന്യുസിന് ലഭ്യമാകുന്നതിന് ബി ബി സി തടസ്സം നിന്നു എന്നാണ് ആരോപണം. അതായത്, ഒരു കാമറ മാത്രം അനുവദനീയമായ പരിപാടികൾ സംപ്രേഷണം ചെയ്യുവാൻ ഇതുകാരണം ജി ബി ന്യുസിന് സാധിക്കുകയില്ല.
മറുനാടന് ഡെസ്ക്