മനാമ: രാജ്യാന്തര ഹബ് പട്ടികയിൽ കേരളത്തിൽ നിന്നുള്ള വിമാനത്താവളങ്ങളേയും ഉൾപ്പെടുത്തുക, കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകൾ ദുരീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജിസിസി കോ-ഓർഡിനേഷൻ ജനപ്രതിനിധികൾക്ക് നിവേദനം നൽകി. പ്രതിപക്ഷ നേതാവ്, പ്രവാസികാര്യമന്ത്രി, ചീഫ് വിപ്പ്, എംഎൽഎമാർ, എംപിമാർ തുടങ്ങിയവർക്കാണ് കത്തയച്ചിരിക്കുന്നത്.

സമിതിയുടെ ഖത്തറിൽ നിന്നുള്ള ഭരണസമിതി അംഗം കെ.കെ. ഉസ്മാന്റെ നേതൃത്വത്തിൽ ഒരുസംഘം കേന്ദ്രവ്യോമയാന മന്ത്രിയെ നേരിട്ടുകണ്ടു നിവേദനം നൽകും. അടുത്ത മാസം കോഴിക്കോട് വിമാനത്താവളം സന്ദർശിക്കുമെന്നു പ്രതീക്ഷിക്കുന്ന എയർപോർട്ട് അഥോറിറ്റി ചെയർമാൻ എ.കെ. ശ്രീവാസ്തവയെ നേരിൽ കാണാനും ശ്രമിക്കുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചു.