കുവൈറ്റ്: ജിസിസി രാഷ്ട്രങ്ങളിൽ ഏകീകൃത വിസാ നിയമം ഉടൻ തന്നെ നടപ്പിലാകുമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് അണ്ടർസെക്രട്ടറി അബ്ദുൾ അസീസ് അൽഖാദി. ഇക്കാര്യത്തിൽ ഏറെ ചർച്ചകൾ നടന്നുവെന്നും പദ്ധതി നടപ്പിലാകാൻ ഇനി ഏറെ കാലതാമസം ഇല്ലെന്നും അൽഖാദി ചൂണ്ടിക്കാട്ടി.

ഓരോ രാജ്യത്തും ടൂറിസം പദ്ധതികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിനു മുന്നോടിയായുള്ള ജിസിസി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ പ്രിലിമിനറി യോഗം നടന്നുവെന്നും ഏകീകൃത വിസാ നിയമത്തിൽ നടപ്പാക്കേണ്ട ഒട്ടേറെ പദ്ധതികളെക്കുറിച്ച് യോഗം ചർച്ചചെയ്തുവെന്നും അൽഖാദി വെളിപ്പെടുത്തി.

അടുത്തകാലത്താണ് ജിസിസി രാഷ്ട്രങ്ങളിൽ മരുന്നുകൾക്ക് ഏകീകൃത വില നിലവാരം കൊണ്ടുവന്നിരുന്നു. ഇതിന്റെ ഭാഗമായി ചില മരുന്നുകൾക്ക് 75 ശതമാനം വരെ വിലക്കുറവാണ് അനുഭവപ്പെട്ടത്. പല കാര്യങ്ങളിലും ഏകീകൃത സ്വഭാവം പുലർത്തുന്ന ജിസിസി രാഷ്ട്രങ്ങളിൽ ഇനി ഏകീകൃത വിസാ നിയമം പ്രാബല്യത്തിൽ വരുത്തുകയെന്നതാണ് രാഷ്ട്രത്തലവന്മാരുടെ ലക്ഷ്യം.