റോം: 2014നു ശേഷം ആദ്യമായി ഇറ്റാലിയൻ സമ്പദ് ഘടനയിൽ ഇടിവു വന്നതായി റിപ്പോർട്ട്. മുൻ പാദങ്ങളെ അപേക്ഷിച്ച് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ജിഡിപിയിൽ 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം ഈ പാദത്തിൽ പൂജ്യം വളർച്ചയാണ് പ്രതീക്ഷിച്ചതെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു. എല്ലാ വർഷവും ഇറ്റാലിയൻ സമ്പദ് ഘടന മൂന്നാം പാദത്തിൽ 0.7 ശതമാനം വളർച്ചയായിരുന്നു രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.

അതേസമയം രാജ്യത്ത് തൊഴിലില്ലായ്മ 0.2 ശതമാനം വർധിച്ച് 10.6 ശതമാനത്തിലെത്തി. യൂറോസോണിൽ ഇത് 8.1 ശതമാനം എന്ന തോതിലായിരിക്കേയാണ് ഇറ്റലിയിൽ ഇത് 10.6 ശതമാനത്തിലെത്തി നിൽക്കുന്നത്. അടുത്ത സാമ്പത്തിക വർഷം ഇറ്റാലിയൻ സമ്പദ്ഘടനയിൽ 1.3 ശതമാനം വളർച്ച ഉണ്ടാവുക. എന്നാൽ 1.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ഏജൻസിയായ ഇസ്റ്റാറ്റ് സൂചിപ്പിച്ചു.

രാജ്യത്തെ സമ്പദ്ഘടനയുടെ വളർച്ച ഈ വർഷം 1.1 ശതമാനം എന്ന നേരിയ തോതിൽ മാത്രമേ ഉണ്ടാകുകയുള്ളൂ. അടുത്ത രണ്ടു വർഷം തൊഴിലില്ലായ്മയിൽ നേരിയ പുരോഗതി കൈവരിക്കും. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് റോം ബ്രസൽസിന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് സമർപ്പിച്ചത്. അതേസമയം റോമിന്റെ സാമ്പത്തിക നയങ്ങൾ പൊതുവിലുള്ള കടങ്ങൾ വർധിപ്പിക്കുമെന്നും അടുത്ത വർഷം ജിഡിപിയിൽ 2.9 ശതമാനം ഇടിവായിരിക്കും ഉണ്ടാകുകയെന്നും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.