ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ എസ് എ ആർ ഗീലാനിക്കു ജാമ്യം. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിക്കപ്പെട്ടു കസ്റ്റഡിയിലായ പ്രൊഫസർക്കു ജാമ്യം അനുവദിച്ചതു പട്യാല ഹൗസ് കോടതിയാണ്.

ഡൽഹി സർവകലാശാല അദ്ധ്യാപകനായ പ്രൊഫ. എസ്.എ.ആർ ഗിലാനി ഫെബ്രുവരി 10ന് ഡൽഹി പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിക്കപ്പെട്ടാണ് അറസ്റ്റിലായത്.

കേസിൽ ജാമ്യാപേക്ഷയുടെ പകർപ്പ് കിട്ടിയില്ലെന്നും വാദം ഇന്നത്തേയ്ക്ക് മാറ്റണമെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് ഇന്നലെ ഹർജിയിൽ വിധി പറയുന്നത് ഇന്നത്തേയ്ക്ക് മാറ്റിയത്.

പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിനെ അനുസ്മരിച്ചായിരുന്നു പരിപാടി. പരിപാടിക്ക് ഹാൾ ബുക്ക് ചെയ്തതും നേതൃത്വം നൽകിയതും ഗിലാനിയാണെന്നാണ് പൊലീസ് പറഞ്ഞത്. ഫെബ്രുവരി 19ന് ഗിലാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പാർലമെന്റ് ആക്രമണ കേസിൽ ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് ശിക്ഷാഇളവ് ലഭിക്കുകയും ചെയ്ത ഗിലാനിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.