ഷിക്കാഗോ: ഗീതാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ 2015 -2016 മണ്ഡല- മകരവിളക്ക്‌ മഹോത്സവം ഭക്തി നിർഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ ഗീതാ മണ്ഡല മന്ദിരത്തിൽ നവംബർ 21നു ആഘോഷിച്ചു.

പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്ന മണ്ഡലകാലം വീണ്ടും ആഗതമായി. ഭൗതിക സുഖങ്ങൾക്കു പിന്നാലെ ഓടുന്ന മനുഷ്യനെ ആദ്ധ്യാത്മികമായി ഉയർത്തുകയും മനുഷ്യരെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുവാനും സമസ്‌ത ജീവജാലങ്ങളോടും ആദരവ്‌, അക്രമരാഹിത്യം, ദയ തുടങ്ങിയ മൂല്യങ്ങള്‌ ജീവിതത്തില്‌ പ്രാവർത്തികമാക്കുവാനുള്ള അവസരമാണ്‌ മണ്ഡലകാലം. അതുപോലെ, തത്വമസി (അതു നീ തന്നെയാകുന്നു) എന്ന പ്രപഞ്ച സത്യത്തിന്റെ പൊരുൾ തേടിയുള്ള യാത്രയുടെ ആരംഭം ആണ്‌ മണ്ഡലകാലം എന്ന്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സെന്റിഫിക്‌ ഹെറിറ്റെജിന്റെ സ്ഥാപകനും ഹൈന്ദവ ദർശനങ്ങളുടെ ഭാരതീയ പൈതൃകത്തിന്റെ മുൻ നിര പ്രചാരകനുമായ ഡോക്ടർ ഗോപാലകൃഷ്‌ണന്റെ അനുഗ്രഹ പ്രഭാഷണത്തോടെയാണ്‌ ഗീതാ മണ്ഡലത്തിന്റെ 2015- 16 മണ്ഡല മകരവിളക്ക്‌ ഉത്സവങ്ങൾക്ക്‌ തിരികൊളുത്തിയത്‌.

അയ്യപ്പ ഉണർത്ത്‌ പാട്ടുമായി ആണ്‌ ഈ വർഷത്തെ മണ്ഡല പൂജകൾ ആരംഭിച്ചത്‌. ഭക്ത ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സർവ്വ ഐശ്വര്യങ്ങൾക്കും സർവ്വ രോഗ നിവാരണത്തിനുമായി അയ്യപ്പ പഞ്ചാക്ഷര മന്ത്രാർച്ചനയും അയ്യപ്പ കവച മന്ത്രങ്ങളും നടത്തി. തുടർന്ന്‌ ശ്രീ ശിവരാമകൃഷ്‌ണ സ്വാമിയുടെ നേതൃത്വത്തിൽ മഹാഗണപതിയുടെ പ്രീതിക്കായി ഗണേശ അഥർവശീർഷവും വിഷ്‌ണു പ്രീതിക്കായി പുരുഷസുക്തവും ശിവ പ്രീതിക്കായി ശ്രീ രുദ്രവും നടത്തി. തുടർന്ന്‌ നടന്ന അഭിഷേക അര്‌ച്ചനക്ക്‌ ശേഷം ഭജനയും അഷ്ടോത്തരശത അർച്ചനയും പടിപൂജയും നമസ്‌ക്കാര മന്ത്രവും മംഗള ആരതിയും നടത്തി. തുടർന്ന്‌ ഹരിവരാസനം പാടി ഈ വര്‌ഷത്തെ മണ്ഡല മകരവിളക്ക്‌ പൂജയുടെ ആദ്യ ദിവസത്തെ പൂജകൾക്ക്‌ പരിസമാപ്‌തിയായി.

ദൈവം എന്നതു പുറത്തല്ല, നമ്മുടെ ഓരൊരുത്തരുടെയും ഉള്ളിൽ തന്നെയാണ്‌ വസിക്കുന്നത്‌, അതു നമ്മുടെ കർമ്മധർമ്മാദികൾക്കനുസരിച്ചായിരിക്കും എന്ന്‌ മാത്രം. ആത്മീയമായ ഉയർച്ച നേടിയ ഒരാൾക്ക്‌ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടുകയില്ല. അത്തരത്തിൽ ആത്മീയ മായ ഉയർച്ച നേടുവാൻ ഏറ്റവും എളുപ്പമുള്ള കാലമാണ്‌ മണ്ഡല കാലം എന്ന്‌ തദവസരത്തിൽ ഗീതാ മണ്ഡലം പ്രസിഡന്റ്‌ ശ്രീ. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ശ്രീ. ആനന്ദ്‌ പ്രഭാകർ ആണ്‌ പരിപാടികൾക്കും ഭജനയ്‌ക്കും നേതൃത്വം നൽകിയത്‌. സെക്രട്ടറി ശ്രീ ബൈജു മേനോൻ ഈ വർഷത്തെ മണ്ഡല മകരവിളക്ക്‌ പൂജകൾക്ക്‌ നേതൃത്വം നൽകിയ ശ്രീ ലക്ഷ്‌മി നാരായണ ശാസ്‌ത്രികൾക്കും മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ മഹോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കും നന്ദി പ്രകാശിപ്പിച്ചു. ആനന്ദ്‌ പ്രഭാകർ അറിയിച്ചതാണിത്‌.