വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം അതിൽ നിന്നും താര ജോഡികൾ പിന്മാറുന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാ ആരാധകർ കേട്ടത്. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഗീതാ ഗോവിന്ദത്തിലൂടെ പ്രേക്ഷ ഹൃദയം കവർന്ന റാഷ്മിക മന്ദാനയും നടൻ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹമാണ് ഒടുവിൽ തകർന്നടിഞ്ഞത്. വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണമെന്തെന്ന് ഇതു വരെ വെളിപ്പെടുത്തിയിരുന്നില്ല. ഒടുവിൽ എന്താണ് കാരണമെന്ന് റാഷ്മികയുടെ അമ്മ സുമൻ   വ്യക്തമാക്കിയിരിക്കുകയാണ്.ആദ്യമായാണ് റാഷ്മികയുടെ കുടുംബം ഈ വിഷയത്തിൽ പ്രതികരിച്ചത്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അതിനെ പതിയെ അതിജീവിച്ചു വരികയാണെന്നും സുമൻ പറയുന്നു.

'ഞങ്ങളെല്ലാവരും ഇതിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ്. എല്ലാവർക്കും അവരവരുടെ ജീവിതമാണല്ലോ പ്രധാനം. ആരും പരസ്പരം മുറിവേല്പിക്കാൻ ആഗ്രഹിക്കുന്നില്ല, എല്ലാവരും സന്തോഷമായിട്ടിരിക്കണം.രണ്ടുപേരും അഭിനേതാക്കളാണ്. രണ്ടു പേരുടെയും ഭാവിയെയും കരിയറിനെയും ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും സുമൻ പറയുന്നു. ഈ വിവാഹം വേണ്ടെന്ന് വെയ്ക്കാൻ ഒന്നല്ല പല കാരണങ്ങൾ ഉണ്ട് അതിനാൽ ഒരു മാസം മുമ്പ് തന്നെ വിവാഹം വേണ്ടെന്ന് വെച്ചുവെന്നാണ് റിപ്പോർട്ട്.

റാഷ്മികയ്ക്കും രക്ഷിതിനും ഈ തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും കരിയറിന് വേണ്ടി രണ്ടാളും ഉൾക്കൊള്ളണമെന്നും , ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബാംഗങ്ങൾ നിർദ്ദേശിച്ചു.സിനിമ സെറ്റിൽ വച്ച് പ്രണയത്തിലായ രക്ഷിതും റാഷ്്മികയും 2017 മെയിലാണ് വിവാഹ നിശ്ചയം നടത്തിയത്. കുറച്ച് മാസങ്ങൾക്കു മുമ്പാണ് ഇരുവരും വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. രണ്ടു വർഷത്തിന് ശേഷമേ വിവാഹമുണ്ടാവുകയുള്ളൂ എന്നറിയിച്ചിരുന്നു.