ഷിക്കാഗോ: 2018 സെപ്റ്റംബർ 15-നു ശനിയാഴ്‌ച്ച ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിനായകചതുർത്ഥി ദിന ആഘോഷവും, സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷിക ആഘോഷവും, കുടുംബ സംഗമവും നടത്തി.ശ്രീ ബിജുകൃഷ്ണന്റെ നേതൃത്വത്തിൽ ഗണപതി അഥർവോപനിഷത്തോടെ വിനായക ചതുർത്ഥി പ്രതിയേക പൂജകൾ നടത്തി, തദവസരത്തിൽ ഹരിഹരൻ ജി വേദമന്ത്ര സൂക്തങ്ങളും, അരവിന്ദാക്ഷനും ഉഷാ അരവിന്ദാക്ഷനും, സുനിൽ നമ്പീശനും ചേർന്ന് നാരായണീയ യജ്ഞവും നടത്തി.

സ്വാമി വിവേകാനന്ദൻ, തന്റെ എല്ലാ പ്രസംഗങ്ങളിലും ഏറ്റവും അധികം ഊന്നൽ നൽകിയിരുന്നത് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനായതുകൊണ്ടും, സനാതന ധർമ്മവും ഭാരതീയ പൈതൃകവും നിലനിന്നിരുന്നതും നിലനിക്കുന്നതും കുടുംബ ബന്ധങ്ങളുടെ കരുത്തിലാണ് എന്ന് ഓരോ സനാതന ധർമ്മ വിശ്വാസിക്കുന്നതിനാലും, സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷിക ആഘോഷം കുടുംബ സംഗമദിനമായി ആണ് ഗീതാമണ്ഡലം ആഘോഷിച്ചത്. ഈ വർഷത്തെ കുടുംബ സംഗമത്തിന്റെ ഏറ്റവും വലിയ പ്രതേകത ശ്രീമതി ലക്ഷ്മി വാരിയരുടെയും മണി ചന്ദ്രന്റെയും നേതൃത്വത്തിൽ അൻപതിലേറെ വനിതകൾ ചേർന്ന് ഒരുക്കിയ സമാനതകൾ ഇല്ലാത്ത അതിമനോഹരമായ തിരുവാതിരയും, ദേവി ശങ്കറിന്റെയും, ഡോക്ടർ നിഷാ ചന്ദ്രന്റെയും കോറിയോഗ്രഫിയിൽ, ഗീതാമണ്ഡലം യൂത്ത് ഒരുക്കിയ അതി മനോഹരമായ ഫ്യൂഷൻ നൃത്തം, എല്ലാ കാഴ്ചക്കാരിലും നൃത്തത്തിന്റെ നൂതന രസം നൽകി.

തുടന്ന് സ്വാമി വിവേകാനന്ദന്റെ വിശ്വ പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ, 'ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണ് സനാതന ധർമ്മം എന്നും, പ്രപഞ്ച സഹിഷ്ണുതയിൽ മാത്രമല്ല ഹിന്ദു വിശ്വസിക്കേണ്ടത്, മറിച്ച്, എല്ലാ മതങ്ങളെയും സത്യമായും സ്വീകരിക്കുവാൻ ആണ് ഷിക്കാഗോ പ്രസംഗത്തിലൂടെ സ്വാമിജി നമ്മെ പഠിപ്പിച്ചത് എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ പറഞ്ഞു. അതിനുശേഷം ഈ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് അമേരിക്കയിലെ ചിന്മയ മിഷന്റെ സീനിയർ റസിഡന്റ് ആചാര്യനായ ശ്രീ ശ്രീ സ്വാമി ശരണാനന്ദ ജി, ശ്രീ വിവേകാനന്ദ സ്വാമികൾ, ഭാരതത്തിനും വിശേഷേ സനാതന ധർമ്മത്തിനും നൽകിയ സംഭാവനകളെ പറ്റി വിശദികരിച്ചു. പ്രശസ്ത ആത്മീയ സാഹിത്യകാരനായ വെണ്ണില വേണുഗോപാലൻ നായരും, പ്രശസ്ത നാരായണീയ ആചാര്യൻ സുനിൽ നമ്പീശൻ, രാമകൃഷ്ണ മിഷൻ ഓഫ് റൂർക്കി യൂത്ത് ഫോറം പ്രവർത്തകയും എഴുത്തുകാരിയുമായ അമിത ടിപിലിയൽ എന്നിവരും പ്രസംഗിച്ചു.

ഈ അവസരത്തിൽ സ്വാമി വിവേകാനന്ദന്റെ, ഷിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ ദർശനങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച എഴുത്തു മത്സര വിജയിയായ ഗോവിന്ദ് പ്രഭാകർ, സ്വാമിജി എന്തുകൊണ്ടാണ് 'മാനവ സേവാ, മാധവ സേവ' എന്ന ആശയത്തെ തന്റെ ഏറ്റവും പ്രധാന ഉപദേശമായി എടുത്തത് എന്നും, ഈ ആശയം ജീവിതത്തിൽ പകർത്തിയാൽ ഒരു നല്ല സമൂഹമായി എങ്ങനെ ഉയരാം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, കൂട്ടായ പ്രവർത്തനത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ മറികടക്കുവാൻ നമ്മുക്ക് കഴിഞ്ഞത് എന്നും, ജൂനിയർ വിഭാഗം വിജയിയായ ദേവാഗി പ്രസന്നൻ, സ്വാമിജിയുടെ ആശയങ്ങളിലൂടെ എങ്ങനെ പഠനത്തിൽ മുന്നേറാം എന്ന് വിശദികരിച്ചു.

തദവസരത്തിൽ പ്രശസ്ത ആത്മീയ സാഹിത്യകാരനായ  വെണ്ണില വേണുഗോപാലൻ നായരുടെ ഏറ്റവും പുതിയ കൃതിയായ ' ശ്രീമദ് ഭഗവത്ഗീത സപ്തശതീ പ്രശ്നോത്തരി ' യുടെ പുസ്തക പ്രകാശനം ഗീതാ മണ്ഡലം പ്രസിഡന്റ്  ജയ് ചന്ദ്രന് നൽകി കൊണ്ട് പൂജ്യ സ്വാമിജി ശരണാനന്ദ ജി നിർവഹിച്ചു. ബിജു കൃഷ്ണൻ സ്വാഗതവും, ഡോക്ടർ വിശ്വനാഥൻ നന്ദിയും പ്രകാശിപ്പിച്ചു.

അതിനുശേഷം  ബൈജു മേനോൻ, ഗീതാമണ്ഡലം പുതിയതായി വാങ്ങുവാൻ ഉദ്ദേശിക്കുന്ന സെന്ററിനെ പറ്റി വിശദികരിക്കുകയും, ഇതിനായി ഗീതാമണ്ഡലത്തെ സ്നേഹിക്കുന്ന എല്ലാ നല്ലവരായ സുഹൃത്തുക്കളുടെയും സഹായം അഭ്യർത്ഥിച്ചു. തുടർന്ന് നടന്ന ഡിന്നറിനും കലാപരിപാടികൾക്കും ഗീതാമണ്ഡലം യൂത്ത് പ്രവർത്തകർ നേതൃത്വം നൽകി.
ആനന്ദ് പ്രഭാകർ അറിയിച്ചതാണിത് .