ഷിക്കാഗോ: മുൻ കാലങ്ങളെക്കാൾ പ്രൌഡമായി ഈ വർഷത്തെ വിജയദശമി നാളിൽ വിഘ്ന നിവാരകനായ മഹാഗണപതിക്ക്, ഗണേശാധർവോപനിഷദ് മന്ത്രജപത്താൽ പുഷ്പാർച്ചന നടത്തിയാണ് വിദ്യാരംഭ പൂജകൾ ആരംഭിച്ചത്. തുടർന്ന് ശ്രീ ലളിത സഹസ്രനാമ പാരായണവും, ശ്രീസൂക്ത അർച്ചനയും നടത്തി. അതിനുശേഷം അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സിൽ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളിൽ മഹാദുര്ഗ്ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നിൽ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജയും, പ്രധാന പുരോഹിതൻ ശ്രീ ബിജുകൃഷ്ണന്റെ കാര്മ്മികത്വത്തിൽ പുഷ്പാർച്ചനയും, കുങ്കുമാർച്ചനയും നടത്തി...

തുടർന്ന് മാതാപിതാക്കൾ, ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉയർച്ചക്കായി ശ്രീ ശാരദ കവചവും, 'വിദ്യാഗോപാലമന്ത്രവും' ഉപദേശിച്ചു. ശേഷം , കുട്ടികളുടെ ഭൗതികവും ആത്മീയവും ആയ വളര്ച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള് കുട്ടികളിലേക്ക് ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹുർതത്തിൽ സങ്കല്പ പൂജക്കും അഷ്ടോത്തര അര്ച്ചനകൾക്കും ശേഷം സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയായ മഹാ സരസ്വതി ദേവിക്ക് മുന്നിൽ അക്ഷരങ്ങളുടെയും അറിവിന്റെയും പുതിയ ലോകം കുരുന്നുകൾക്ക് തുറന്നു കൊടുത്തു.പൂജകൾക്ക് നേതൃത്വം നൽകിയത് ഗീതാ മണ്ഡലത്തിന്റെ സ്പിരിറ്റുല് ചെയര്മാന്  . ആനന്ദ് പ്രഭാകർ ആയിരുന്നു .

ഏതൊരു സംസ്‌കാരവും നിലനില്ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും ആണ്. ആര്ഷ ഭാരത സംസ്‌കാരത്തില് ഗുരു പരമ്പരക്കുള്ള സ്ഥാനം ദൈവതുല്യമോ അതിലുപരിയോ ആകുന്നു. 'മാതാ പിതാ ഗുരു ദൈവം' എന്ന മഹത്തായ സന്ദേശം ഉദ്ധരിക്കുമ്പോള്, ഭൂമിയില് ജന്മം തന്ന മാതാവ് പ്രഥമ സ്ഥാനത്തിലും, മാതാവിലൂടെ കുട്ടി മനസ്സിലാക്കിയ പിതാവ് രണ്ടാമതും , മാതാ പിതാക്കള് വിദ്യാരംഭ ത്തിലൂടെ കുട്ടിയെ ഏല്പിക്കുന്ന ഗുരുക്കന്മാര് മൂന്നാമതും, ഗുരുവിലൂടെ , ദൈവ സങ്കല്പവും ആത്മബോധവും ഗ്രഹിക്കുന്ന കുട്ടിയുടെ ജീവിതത്തില് ദൈവം നാലാമതും കടന്നു വരുന്നു. അത് പോലെ, സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുവാൻ നമ്മെ പഠിപ്പിച്ച ഹൈന്ദവ സംസ്‌കാരം അടുത്ത തലമുറയിലേക്ക് പകര്ന്നുകൊടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്ത്തിക്കുന്ന ഷിക്കാഗോ ഗീതാ മണ്ഡലം, അതിനാൽ ആണ് നവരാതിരിക്ക്, വിശേഷ്യ വിദ്യാരംഭത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് തഥവസരത്തിൽ ഗീതാമണ്ഡലം അദ്ധ്യക്ഷൻ ശ്രീ ജയ് ചന്ദ്രൻ അറിയിച്ചു.

''ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന് നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട് എന്നും സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്‌കാരവും അറിവും ഈശ്വരീയമാണ് എന്നും അതുകൊണ്ട് തന്നെയാണ് വിദ്യാരംഭത്തിനും ഗുരുപരമ്പര മഹത്വ ത്തിനും നാം പ്രാധാന്യം നൽകുന്നത് എന്ന് പ്രോഗ്രാം കോർഡിനേറ്റർ പ്രജീഷ് ഇരുതരമേലും, നമ്മുടെ ആചാര അനുഷ്ടാനങ്ങൾ നാം നമ്മുടെ അടുത്ത തലമുറയെ പഠിപ്പിച്ചു കൊടുക്കുക എന്നത് ഏതൊരു ഹൈന്ദവ വിശ്വാസിയുടെയും കടമയാണ് എന്നും, അതിനു ശ്രമിക്കാത്ത ഒരു തലമുറ ചെയ്ത തെറ്റിന്റെ ഫലം ആണ് ശബരിമലയിൽ ഹിന്ദു ഇന്ന് അനുഭവിക്കുന്നത് എന്നും ശബരിമല റെഡി ടു വെയിറ്റ് ക്യാംപൈൻ ഫൗണ്ടിങ് മെമ്പർ കൂടിയായ ശ്രീമതി സിൻസി സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു.

തദവസരത്തിൽ ഗീതാമണ്ഡലം ജനറൽ സെക്രെട്ടറി  ബയ്ജു എസ്. മേനോൻ, പൂജകൾക്ക് നേതൃത്വം നൽകിയ  ബിജുകൃഷ്ണനും, ലളിതാസഹസ്രനാമാര്ച്ചനക്കും സൂക്തത്തിനും നേതൃത്വം നൽകിയ ദിലീപ് നെടുങ്ങാടിക്കും, എല്ലാ പരിപാടികള്ക്കും നേതൃത്വം നൽകിയ ആനന്ദ് പ്രാഭാകറിനും, കൂടാതെ ഈ വര്ഷത്തെ നവരാത്രി ആഘോഷങ്ങൾ വൻ വിജയമാക്കാൻ പരിശ്രമിച്ച എല്ലാ പ്രവർത്തകര്ക്കും നന്ദി അറിയിച്ചു. തുടർന്ന് നടന്ന അന്നദാന ചടങ്ങോടെ 2018 ലെ വിജയദശമി പൂജകൾക്ക് സമാപനം കുറിച്ചു.