തിരുവനന്തപുരം:ഒന്നുമുതൽ പൂജ്യംവരെയെന്ന ചിത്രത്തിൽ ബാലതാരമായതുതൊട്ട് മലയാളി അറിയപ്പെടുന്ന നടിയാണ് ഗീതുമോഹൻദാസ്. ഇപ്പോൾ സംവിധായിക എന്ന നിലയിലും ഗീതു ചുവടുറപ്പിക്കുക്കയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിച്ച ഗീതുമോഹൻദാസിന്റെ ആദ്യ ചിത്രം ലയേഴ്‌സ് ഡൈയ്‌സ് മൂന്നുഷോകളും വൻ ജനപങ്കാളിത്തത്തോടെയാണ് പ്രദർശനം നടന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രദർശനം കാണാൻ കലാഭവൻ തീയേറ്റിൽ എത്തിയ ഗീതു ലയേഴ്‌സ് ഡൈയ്‌സിന്റെ അനുഭവങ്ങളും പ്രേക്ഷകരോട് പങ്കുവെച്ചു.

ഈ ചിത്രം 2014ൽ പുറത്തിറങ്ങി ദേശീയ അവാർഡും നിരവധി ഫെസ്റ്റിവൽഅംഗീകാരങ്ങളും നേടിയെങ്കിലും ഐ.എഫ.എഫ്.കെയിൽ അത് പ്രദർശിപ്പിക്കുമ്പോൾ താൻ സമ്മർദത്തിലായിരുന്നെന്ന് ഗീതു തുറന്നു സമ്മതിക്കുന്നു.'പക്ഷേ ചിത്രത്തിന് ഈ ഫെസ്റ്റിവൽ ഓഡിയൻസിനിടയിൽ അങ്ങേയറ്റം അംഗീകാരം ലഭിച്ചുവെന്നതിൽ സന്തോഷമുണ്ട്. മൂന്നുഷോകളും നിറഞ്ഞു കവിയുന്ന ഓഡിയൻസിലായിരുന്നു പ്രദർശിപ്പിച്ചത്.'- ഗീതു പറഞ്ഞു.

ഹിമാചൽ പ്രദേശിന്റെ പശ്ചാത്തലത്തിൽ റോഡ് മൂവിയായി ഹിന്ദിയിലാണ് ചിത്രം എടുത്തത്. നവാസുദ്ദുൻ സിദ്ദീഖിയും ഗീതാഞ്ജലി താപ്പയുമാണ് ചിത്രത്തിൽ മുഖ്യവേഷമിട്ടത്. ഹിമാചലിലെ ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന ഗീതാഞ്ജലിയുടെ കഥാപാത്രം തന്റെ മകൾക്കൊപ്പം, മാസങ്ങളായി ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭർത്താവിനെതേടി സിംലയിലേക്കും തുടർന്ന് ഡൽഹിയിലേക്കും നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇടക്ക്വെച്ച് നവാസുദ്ദീൻ സിദ്ദീഖിയുടെ അങ്ങേയറ്റം വിചിത്രസ്വഭാവക്കാരനായ കഥാപാത്രം ഇവർക്ക് ഒപ്പം കൂടുന്നു.

തന്റെ ഭർത്താവും ചിത്രത്തിന്റെ ക്യാമറാനും, കമ്മട്ടിപ്പാടമടക്കമുള്ള വിഖ്യാത സിനിമകളുടെ സംവിധായകനുമായ രാജീവ് രവി മുമ്പ് പറഞ്ഞ വിവാദ പ്രസ്താവനപോലെ, തിരക്കഥ കത്തിക്കണമെന്ന അഭിപ്രായമൊന്നും തനിക്കില്‌ളെന്നും ഗീതു പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്താമക്കി.'പക്ഷേ തിരിക്കഥ എല്ലാമല്ല. തിരക്കഥയിൽ പറയുന്നത് കോപ്പിയടിക്കയല്ല ഒരു ഫിലിംമേക്കർ ചെയ്യേണ്ടത്. ഈ ചിത്രത്തിന്റെ തിരക്കഥ അതിന്റെ സാഹചര്യമനുസരിച്ച് മാറുന്നതായിരുന്നു. ഉദാഹരണമായി നവാസുദ്ദീൻ സിദ്ദീഖി നടി ഗീതാഞ്ജലിയെ കെട്ടിപ്പിടിക്കുകയും അവർ അത് തട്ടിമാറ്റുകയും ചെയ്യുന്ന രംഗം സ്‌ക്രിപ്റ്റിൽ ഇല്ലായിരുന്നു.

എന്നാൽ ഡൽഹിയിലെ ഒരു ഗലിയിൽ അവർ മുഖാമുഖം കാണുന്ന ഒരു സീനിൽ നവാസുദ്ദുൻ സിദ്ദീഖി പൊടുന്നനെ ഗീതാഞ്ജലിയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കയും അമ്പരന്നുപോയ അവർ കുതറിമാറുകയുമായിരുന്നു. ഈ രംഗം അങ്ങനെതന്നെ ചിത്രീകരിക്കപ്പെട്ടു.ഷൂട്ടിങ്ങിനുശേഷം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് നവാസുദ്ദീൻ സിദ്ദീഖിയോട് ചോദിച്ചപ്പോൾ അപ്പോൾ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി എന്നായിരുന്നു പ്രതികരണം.പക്ഷേ ചിത്രം പൂർത്തിയായി കണ്ടപ്പോൾ ഈ രംഗം ഏറ്റവും മനോഹരമായാണ് തോന്നിയത്'- ഗീതു പറഞ്ഞു.

ചിത്രത്തിൽ ഗീതാഞ്ജലിയുടെ മകളായി വേഷമിട്ട ബാലതാരത്തിന്റെ പ്രകടനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.'അഭിനയത്തിൽ യാതൊരു മുൻ പരിചയുവുമില്ലാത്ത, ഹിമാലൽ ഗ്രാമത്തിലെ ഒരു പെൺകുട്ടിയാണ് അത്.ബാലതാരങ്ങളെ അഭിനയിപ്പിക്കുമ്പോൾ ശ്രദ്ധിക്കുന്നത് ഞാൻ കുട്ടിക്കാലത്ത് അഭിനയിച്ചപോലുള്ള ടൈപ്പ് വേഷങ്ങൾ ആവർത്തിക്കാതിരിക്കാനാണ്. തികച്ചും നാച്ചുറലായാണ് ഈ കുട്ടി അഭിനയിച്ചത്.പക്ഷേ ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാമറാ ആംഗിളും മറ്റും അവർ പഠിച്ചു'- ഗീതു ചുണ്ടിക്കാട്ടി.

ഇങ്ങനെയൊക്കെയാണെങ്കിലും ലയേഴ്‌സ് ഡൈയ്‌സ് തീയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാത്തതിന്റെ വിഷമവും ഗീതു പ്രേക്ഷകരുമായി പങ്കുവെച്ചു.അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്‌ളെന്നും വിപണിയുടെ സമവാക്യങ്ങൾക്കനുസരിച്ച് സിനിമയെടുക്കാൻ താൻ പഠിച്ചിട്ടില്‌ളെന്നും ഗീതു കൂട്ടിച്ചേർത്തു. സിനിമ കണ്ടിറിങ്ങിയ പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെയാണ് ഗീതുവിനെ സ്വീകരിച്ചത്.