- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് സഖാവ് ബിനോയ് വിശ്വം': എംപിയെ അഭിനന്ദിച്ച് ബിഷപ്പ് ഗീവർഗീസ് കൂറിലോസ്
തിരുവനന്തപുരം: കോൺഗ്രസ് തകർന്നാലുള്ള ശൂന്യത നികത്താൻ ഇടതുപക്ഷത്തിനു കെല്പില്ലെന്ന സിപിഐയുടെ നിലപാട്, വ്യക്തമാക്കിയ ബിനോയ് വിശ്വം എംപിയെ അഭിനന്ദിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഇടതുപക്ഷത്തിന് ഇനിയും വംശനാശം വന്നില്ലെന്ന് തെളിയിക്കുകയാണ് ബിനോയ് വിശ്വം എന്ന് ഗീവർഗീസ് കൂറിലോസ് പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
'ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് ' ഇൻഡിക്കേറ്റർ' ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്. നീതിയുടെ പ്രശ്നങ്ങൾ ആയാലും, പരിസ്ഥിതി പ്രശ്നങ്ങൾ ആയാലും, മുതലാളിത്ത വികസനത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്ത് നിന്ന് ഇടതുപക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന ബിനോയ് വിശ്വം ആദർശത്തിൽ ഒരിക്കലും വെള്ളം ചേർക്കാൻ അനുവദിക്കുന്നില്ല.
ഫാഷിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ട കാലത്ത് ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്... ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ...'
കോൺഗ്രസ് തകർന്ന് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം ഇന്നലെ നടത്തിയ പ്രസ്താവന. കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതുകൊണ്ട് കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പി ടി തോമസ് അനുസ്മരണയോഗത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂയെന്നും ബിനോയ് വിശ്വം പറഞ്ഞു.




