കോട്ടയം: എൽ.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയത്തെ എതിർക്കുന്ന ക്രൈസ്തവ സഭാധ്യക്ഷന്മാർക്ക് ഉപദേശവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസ്. വിശുദ്ധ കുർബാനയ്ക്ക് ആൾക്കഹോൾ അടങ്ങിയ വീഞ്ഞ് ഉപയോഗിക്കുന്നതിനു പകരം മുന്തിരിച്ചാർ മാത്രം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. സഭയിലെ ബാറുടമകളെ അതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ബാറുടമകളുടെ പണം വാങ്ങരുതെന്നും മദ്യപാനികളെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നും മദ്യം വിളമ്പുന്ന ചടങ്ങുകൾ പുരോഹിതർ ബഹിഷ്‌കരിക്കണമെന്നും നിർദേശിക്കുന്നു. ഇത്രയും കാര്യങ്ങൾ ചെയ്താൽ സഭകളുടെ മദ്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ധാർമ്മികതയും മൂർച്ചയും ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ഇതിനകം തന്നെ നൂറിലേറെ ഷെയറുകളും അഞ്ഞൂറിലേറെ ലൈക്കുകളും അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം ഇങ്ങനെ

പുതിയ മദ്യനയത്തെ എതിർത്തുകൊണ്ടും ശക്തമായ പ്രതിഷേധം അറിയിച്ചും ഞാൻ ഒരു പോസ്റ്റ് ഇട്ടു. അതിനോട് ചേർത്ത് ക്രൈസ്തവ സഭകൾ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ഒന്ന് രണ്ടു കാര്യങ്ങളും സൂചിപ്പിക്കട്ടെ. വിശുദ്ധ കുർബാനക്ക് ഉപയോഗിക്കുവാൻ വേണ്ടി ഉണ്ടാക്കുന്ന ആൾക്കഹോൾ അംശം ഉള്ള വീഞ്ഞ് ഉൽപ്പാദനം നിർത്തി തൽസ്ഥാനത്ത് വെറും മുന്തിരിച്ചാർ മാത്രം ഉപയോഗിക്കാൻ എല്ലാ സഭകളും തീരുമാനിക്കണം. പല സഭകളും മുന്തിരി രസം മാത്രമാണ് ഉപയോഗിക്കുന്നത് എങ്കിലും ചില സഭകൾ എങ്കിലും ആൾക്കഹോൾ അടങ്ങിയ വീഞ്ഞ് ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഉൽപ്പാദനവും ഉപയോഗവും നിർത്തുന്നത് മദ്യത്തിനെതിരെ സംസാരിക്കുവാൻ സഭകൾക്ക് കൂടുതൽ ആത്മധൈര്യവും ധാർമ്മികതയും നൽകും.

രണ്ടാമതായി ക്രൈസ്തവ സഭകളിലെ ബാർ ഉടമകളെ ഈ വ്യവസായത്തിൽ നിന്ന് പിന്തിരിപ്പിക്കണം,, അവരുടെ പണം ഒരു കാര്യത്തിനും സഭകൾ വാങ്ങാതെ അവരെ സാമൂഹ്യ മായി ബഹിഷ്‌കരിക്കണം, മദ്യം ഉപയോഗിക്കുന്ന ചടങ്ങുകൾ പുരോഹിതന്മാർ ബഹിഷ്‌കരിക്കണം. മദ്യപിക്കുന്നവരെ സഭയിൽ ഒരു സ്ഥാനങ്ങളിലും നിയമിക്കാതെ അകറ്റി നിർത്തണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ സഭകളുടെ മദ്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ധാർമ്മികതയും മൂർച്ചയും ലഭിക്കും. എല്ലാ സഭകളും ഈ കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ കൊടുക്കുമെന്ന് ആശിക്കുന്നു. കേരളത്തിലെ മദ്യപാന രീതികളും തീവ്രതയും ദുരന്ത സാധ്യതകളും വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്നതിനപ്പുറമാണ്. മദ്യനിരോധനം അപ്രായോഗികം എന്ന് പറയുന്നവർ മദ്യവർജനം എവിടെ പ്രായോഗികമായിട്ടുണ്ട് എന്നുകൂടി പറയണം.

പുതിയ മദ്യനയത്തിനെതിരെ നാടുണരണം: ഒരു ജനതയെ, പ്രത്യേകിച്ച് യുവാക്കളെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ നമുക്ക് കടമയുണ്ട്,. രാഷ്ട്രീയത്തിനതീതമായി മദ്യസംസ്‌കാരത്തിനെതിരെ നമുക്ക് ഒന്നിക്കാം