തിരുവനന്തപുരം: എം എം മണിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. മണിയാശാന്റെ വിവാദ പ്രസംഗത്തോടെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ പിന്നാലെ എത്തി. ഇക്കൂട്ടത്തിൽ മണിയെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നത് ഇടതു അനുഭാവം വെച്ചു പുലർത്തുന്ന ഒരു തിരുമേനിയും. ഗീവർഗീസ് കുറീലോസ് തിരുമേനിയാണ് എം എം മണിയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. സബ് കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മണി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു മണിയാശാനെ വിമർശിച്ച് കുറീലോസ് തിരുമേനി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

മണിയാശാന്റെ 'വിശ്വാസി 'കളോടുള്ള സ്‌നേഹം അസഹനീയമാകുന്നു; ദയവു ചെയ്ത് അദ്ദേഹത്തിന്റെ നാവിനെ ഉത്തരവാദത്വപ്പെട്ടവർ നിയന്ത്രിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഒരു വിശ്വാസി എന്ന നിലയിൽ വിനയപൂർവ്വം പറയട്ടെ.. മണിയാശാന്റെ 'വിശ്വാസി 'കളോടുള്ള സ്‌നേഹം അസഹനീയമാകുന്നു. ദയവു ചെയ്ത് അദ്ദേഹത്തിന്റെ നാവിനെ ഉത്തരവാദത്വപ്പെട്ടവർ നിയന്ത്രിക്കണം. ഒരു സർക്കാരിനും ഭൂഷണമല്ല ഈ മന്ത്രിയുടെ വായ്‌മൊഴി വഴക്കം.

അച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ ദൗത്യസംഘത്തിന്റെ നടപടിക്ക് ക്രൈസ്തവ സഭകളിൽ നിന്നു പോലും പിന്തുണ കിട്ടിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുരിശു പൊളിക്കലിനെ എതിർത്ത് രംഗത്തെത്തിയത്. പിന്നാലെ മന്ത്രി മണിയും വിമർശനവുമായി രംഗത്തെത്തിയത്.