തിരുവനന്തപുരം: കേരളത്തിലെ ഒട്ടുമിക്ക സഭകളിലെ പള്ളികളിലും പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്നതാണ് പ്രദക്ഷിണം അഥവാ റാസ. പള്ളികളിലെ വിശ്വാസികൾ മുഴുവൻ പങ്കെടുക്കുന്ന റാസകൾ പലപ്പോഴും ഗതാഗത തടസം ഉണ്ടാകുന്നതും പതിവാണ്. എന്നാൽ ഇത് അവസാനിപ്പിക്കേണ്ട സമയമായെന്ന് പറയുകയാണ് യാക്കോബായ സഭ മെത്രാൻ ഗീവർഗീസ് കൂറിലോസ്. പ്രദക്ഷിണങ്ങളെ കുറിച്ച് ഒരു വീണ്ടു വിചാരത്തിന് സമയമായില്ലേ? എന്ന ചോദ്യത്തോടു കൂടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ബിഷപ്പ് അഭിപ്രായം ആരായുന്നത്. ഗീവർഗീസ് കൂറിലോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.

ഗീവർഗീസ് കൂറിലോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

അല്പം വിവാദമാകാൻ സാധ്യതയുള്ള ഒരു കുറിപ്പാണിത്. എങ്കിലും വളരെ ആലോചിച്ചും പ്രാർത്ഥിച്ചുമാണ് ഈ ചിന്ത പങ്കു വയ്ക്കുന്നത്. നമ്മുടെ പള്ളികളിലെ പെരുന്നാളുകളുമായി ബന്ധപ്പെട്ട പ്രദക്ഷിണങ്ങളെ (റാസ ) കുറിച്ചാണ് എഴുതുന്നത്. പെരുനാൾ നടക്കുന്ന പള്ളിക്കു ചുറ്റും മാത്രം പോരേ പ്രദക്ഷിണം? അല്ലെങ്കിൽ പള്ളിയോട് ഏറ്റവും അടുത്തുള്ള കുരിശടിവരെ പോരെ?കിലോമീറ്ററുകൾ താണ്ടിയുള്ള പൊതുനിരത്തിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങൾ പൊതു സമൂഹത്തിന് അനുഗ്രഹമാണോ ഉപദ്രവമാണോ എന്ന് ചിന്തിക്കേണ്ട സമയമായില്ലേ? ഗതാഗത കുരുക്കുണ്ടാക്കി നടത്തുന്ന ഇത്തരം പ്രദക്ഷിണഘോഷയാത്രകൾ പൊതുജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എത്ര വലുതാണ്. ഈ ഗതാഗത കുരുക്കിൽ പെട്ടു പോകുന്ന ആംബുലൻസുകളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. എത്ര ജീവനുകൾ ഇതുമൂലം പൊല്ഞ്ഞിട്ടുണ്ടാവാം! മൈലുകൾ നീളുന്ന ഇത്തരം പ്രദക്ഷിണങ്ങളിൽ കാണുന്ന മേള കൊഴുപ്പുകൾക്ക് എന്ത് ആത്മീയതയാണുള്ളത്? ഇത്തരം റാസ കൾക്കായി ചെലവഴിക്കുന്ന പണവും ധൂർത്തും ഒരു ധാർമ്മിക പ്രശ്‌നമല്ലേ?പൊതു സമൂഹത്തിന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഇത്തരം പ്രദക്ഷിണങ്ങളെ കുറിച്ച് ഒരു വീണ്ടു വിചാരത്തിന് സമയമായില്ലേ? എന്റെ ഭദ്രാസനത്തിൽ ഇതു ചർച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു നല്ല മാറ്റത്തിനായ് പ്രാർത്ഥിക്കുന്നു.