- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആദ്യം അഭിപ്രായം ചോദിച്ചത് വിദ്യാർത്ഥികളോട്; പരാതിയുമായി വന്നത് ഒരു രക്ഷിതാവ് മാത്രം; ആ കുട്ടിയും പാന്റും ഷർട്ടും ധരിച്ചാണ് വന്നത്'; ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ കുട്ടികൾ വരവേറ്റത് ആവേശത്തോടെയെന്ന് ചാനൽ ചർച്ചയിൽ മദർ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ
കോഴിക്കോട്: ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയം ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ആവശത്തോടെയാണ് വരവേറ്റതെന്ന് മദർ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ. കുട്ടികളുടെ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഈ ആശയം നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ ഒരു രക്ഷിതാവ് മാത്രമാണ് പരാതിയുമായി വന്നതെന്നും അഡ്വ. അഭിജ പറഞ്ഞു.
യൂണിഫോം പരിഷ്ക്കരണം സ്കൂളിൽ നടപ്പാക്കുമ്പോൾ പ്രിൻസിപ്പലും അദ്ധ്യാപകരും ആദ്യം അഭിപ്രായം ചോദിച്ചത് വിദ്യാർത്ഥികളോടാണെന്നും അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു അവരുടെ പ്രതികരണം.
പദ്ധതി നടപ്പാക്കുമ്പോൾ ഒരു രക്ഷിതാവ് മാത്രമാണ് പരാതിയുമായി വന്നത്. ആ കുട്ടിയും പാന്റും ഷർട്ടും ധരിച്ചാണ് വന്നതെന്നും അവർ പറഞ്ഞു. എസ്.എസ്.എഫിന്റെ ബാനർ പിടിച്ചാണ് അവിടെ സമരം നടന്നതെന്നും അവർ പറഞ്ഞു.
'ജെൻഡർ യൂണിഫോം നടപ്പാക്കുമ്പോൾ തന്നെ ഏത് രീതിയിലും വസ്ത്രം ധരിക്കാനുള്ള അധികാരം കൂടി അധികൃതർ നൽകുന്നുണ്ട്. ഒരു രക്ഷിതാവ് തന്റെ കുട്ടിക്ക് കോട്ടിട്ട് വന്നൂടെ എന്ന അഭിപ്രായവുമായി എത്തിയിരുന്നു.
അപ്പോൾ കോട്ട് ധരിച്ച് വരേണ്ടവർക്ക് അങ്ങനേയും വരാം എന്നാണ് അധികൃതർ അഭിപ്രായം പറഞ്ഞത്. ഈ പരാതി ഉന്നയിച്ച രക്ഷിതാവിന്റെ കുട്ടിയും പാന്റും ഷർട്ടും ധരിച്ചാണ് സ്കൂളിലെത്തിയത്,' അഡ്വ. അഭിജ പറഞ്ഞു.
സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലത്തിൽ ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സക്കൻഡറി സ്കൂൾ(മിക്സെഡ് സ്കൂൾ). പ്ലസ് വൺ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ചില എൽ.പി. സ്കൂളുകളിൽ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്കൂളിലെ അദ്ധ്യാപകരുടെ നിർദ്ദേശത്തിന് പി.ടി.എ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകൾ രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ വിവാദം വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. ജൻഡർ ന്യൂട്രൽ യൂണിഫോം അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും അതാത് സ്കൂളുകളിലെ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ സ്കൂൾ യൂണിഫോമിലുള്ള പെൺവസ്ത്രങ്ങൾ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. അവ മാറ്റി ശാസ്ത്രീയമായുള്ള വസ്ത്രധാരണ രീതിയാണ് കൊണ്ടുവരേണ്ടത്. അത്തരം ആശയത്തിന്റെ ഭാഗമായിട്ടാണ് പാന്റ്സും ഷർട്ടും തീരുമാനിച്ചിട്ടുള്ളത്. ആ സ്ഥാപനമാണ് അത് തീരുമാനിച്ചിട്ടുള്ളത്. തട്ടമിടുന്നതിനോ ഷാൾ ഇടുന്നതിനോ ഇവിടെ പ്രശ്നമില്ല.
ജെൻഡർ ന്യൂട്രൽ ഒരിക്കലും മതവിരുദ്ധവുമല്ല. ബാലുശ്ശേരി സ്ക്കൂളിൽ പാന്റ്സും ഷർട്ടും ഏത് രീതിയിൽ വേണമെങ്കിലും ധരിക്കാൻ ഓപ്ഷനുണ്ട്. ഷാൾ, ഓവർ കോട്ട് എന്നിവ വേണ്ടവർക്ക് അത് ധരിക്കാം. കൈനീളം, ഷർട്ടിന്റെ നീളം എന്നിവ ആവശ്യാനുസരണം കൂട്ടാമെന്നുമാണ് പദ്ധതിയെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.
അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിംയുവസംഘടനകൾ രംഗത്തെത്തിയിരുന്നു. 'വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. എംഎസ്എഫ്, യൂത്ത് ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമാർച്ച്. സംഘടനകൾ ചേർന്ന് കോ ഓർഡിനേഷൻ കമ്മിറ്റി എന്ന സമിതി രൂപീകരിച്ചിരുന്നു.
വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രാഷ്ട്രീയം സജീവ ചർച്ചയാകുന്നയിടത്താണ് , വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മുമ്പേ നടക്കുന്നത്. പെൺകുട്ടികളുടെ സ്കൂളെങ്കിലും ഹയർ സെക്കന്ററിയിൽ ആൺകുട്ടികളുമുണ്ട്. ഇക്കുറി പ്രവേശനം നേടിയ പ്ലസ് വൺ ബാച്ചിലാണ് ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. 260 കുട്ടികളും ഇന്ന് മുതൽ ഏകീകൃതവേഷത്തിലാണ് സ്കൂളിലെത്തിയത്.
പരിപാടിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ പ്രതിഷേധവും ശക്തമായിരുന്നു. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികൾ ചൊവ്വാഴ്ച സ്കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരുമെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു.
എന്നാൽ രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് എതിർക്കുന്നവർക്കെന്ന് സ്കൂൾ അധികൃതർ പറയുന്നു. പ്രതിഷേധങ്ങളുയരുമെങ്കിലും മാതൃകയാവുന്ന തീരുമാനവുമായി മുന്നോട്ടുതന്നെയെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പറയുന്നു.
ന്യൂസ് ഡെസ്ക്