ഹോങ്കോങ്ങ്: എഡിറ്റിങ് സാങ്കേതിക വിദ്യയിലൂടെ ജനതിക ഘടനയിൽ മാറ്റം വരുത്തിയ ഇരട്ടകൾ ജനിച്ചുവെന്ന അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഹി ജിയാൻകു. ജനതികശാസ്ത്രത്തിൽ ചരിത്രം രചിച്ചുകൊണ്ട് ക്രിസ്പർ കാസ്-9 എന്ന ജീൻ എഡിറ്റിങ് വിദ്യയിലൂടെയാണ് കുട്ടികൾ ജനിച്ചത്. എന്നാൽ ജീൻ എഡിറ്റിങ് വഴി കുട്ടികൾ പിറന്നുവെന്ന സംഭവത്തിൽ ഉടൻ അന്വേഷണം വേണമെന്ന് ചൈനീസ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ഡിഎൻഎയിൽ നിന്ന് നിശ്ചിത ഭാഗങ്ങൾ മുറിച്ചു മാറ്റാനും കൂട്ടിച്ചേർക്കാനും ക്രിസ്പർ കാസ്-9 എന്ന വിദ്യയിലൂടെ സാധിക്കുന്നു. ജീൻ എഡിറ്റിങ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് ക്രിസ്പർ കാസ്-9 എന്ന വിദ്യ ഹി ജിയാൻകു അവതരിപ്പിച്ചത്. എന്നാൽ ഇത്തരം ഡിസൈനർ കുട്ടികൾ ജനിക്കുന്നതിനെതിരേ ലോകമെമ്പാടും വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഡിഎൻഎ ഘടനയിൽ എഡിറ്റിങ് നടത്തിയതു വഴി ഇത്തരം കുട്ടികൾക്ക് എച്ച്‌ഐവി ബാധ ഉണ്ടാകില്ലെന്നും പറയപ്പെടുന്നു.

ഐവിഎഫിന് വിധേയരായ ഏഴു ദമ്പതിമാരിൽ നിന്നുള്ള ഭ്രൂണകോശങ്ങളാണ് ഹി എഡിറ്റിംഗിന് തെരഞ്ഞെടുത്തത്. ഇവരുടെ മൂന്നു മുതൽ അഞ്ചു ദിവസം വരെ പ്രായമുള്ള ഭ്രൂണത്തിൽ നിന്ന് ഏതാനും കോശങ്ങൾ എതുത്താണ് ജീൻ എഡിറ്റിങ് നടത്തിയത്. ഇവയിൽ പക്ഷേ ഫലം കണ്ടത് ഒന്നുമാത്രം. എയ്ഡ്‌സ് വൈറസാ എച്ച്‌ഐവി ഭാവിയിൽ ബാധിക്കാതിരിക്കാൻ പാകത്തിലുള്ള പരിഷ്‌ക്കരണമാണ് ഡിഎൻഎ ഘടനയിൽ താൻ ചെയ്തതെന്നാണ് ഹി അവകാശപ്പെടുന്നത്. ഷേൻഷനിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് ജിയാൻക്വായി പ്രവർത്തിക്കുന്ന്. അവിടെ രണ്ട് ജനറ്റിക് കമ്പനികൾ ജിയാൻക്വായിക്കുണ്ട്.

തിങ്കളാഴ്ച ഹോങ്കോങിൽ നടന്ന കോൺഫറൻസിലാണ് എഡിറ്റു ചെയ്ത ജീനുകളോടെ ലോകത്ത് ആദ്യമായി ഇരട്ട പെൺകുട്ടികൾ പിറന്നു എന്ന വെളിപ്പെടുത്തൽ ഉണ്ടായത്. അമേരിക്കയിൽ ഈ ജീൻ എഡിറ്റിങ് മനുഷ്യരിൽ ഉപയോഗിക്കാൻ അനുമതിയില്ല. ജനതികമാറ്റങ്ങൾ വരും തലമുറയിലേക്കും കൂടി പകരും എ്‌നതിനാലാണ് ജീൻ എഡിറ്റിംഗിനെ യുഎസ് നിരോധിക്കുന്നത്. പരീക്ഷണവുമായി ബന്ധപ്പെട്ട വാദങ്ങൾ ശരിയാണെങ്കിൽ, ഇത് ശാസ്ത്രത്തിന്റെ ധാർമികതയ്ക്ക് നിരക്കുന്നതാണോ എന്നു പരിശോധിക്കണമെന്ന് ഗവേഷകർ പറയുന്നു. മനുഷ്യരിൽ നടത്തുന്ന ഇത്തരം പരീക്ഷണങ്ങൾ അധാർമികമാണെന്ന് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ജനിതകവിദഗ്ധനും 'ജനറ്റിക്‌സ് ജേണൽ' എഡിറ്ററുമായ ഡോ. കിരൻ മസ്‌നൂരു പറഞ്ഞു.

ജീൻ എഡിറ്റിംഗിലൂടെ കുട്ടികൾ പിറന്നുവെന്ന വാർത്ത വൻ പ്രാധാന്യത്തോടെ പുറത്തുവിട്ടെങ്കിലും ഹി ജിയാൻകുവിനും സഹപ്രവർത്തകർക്കും വേണ്ടത്ര സ്വീകാര്യതയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഇത്തരം ഭ്രാന്തൻ ഐഡിയകൾ തത്ക്കാലം പ്രോത്സാഹിപ്പിക്കേണ്ട എന്നു തന്നെയാണ് ലോകോത്തര ശാസ്ത്രജ്ഞരുടേയും അഭിപ്രായം. ജനിക്കാൻ പോകുന്ന കുട്ടിയെ ഇഷ്ടാനുസരം ഡിസൈൻ ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അത് വൻ വിപത്തു് സൃഷ്ടിക്കുമെന്നാണ് ഇവർ പറയുന്നത്.