തിരുവനന്തപുരം സംസ്ഥാനത്തെ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വർഷാവസാന വിലയിരുത്തലും ക്ലാസ് കയറ്റവും സംബന്ധിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതുണ്ടെന്നും എന്നാൽ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. അതിനായി സംസ്ഥാന തലം മുതൽ സ്‌കൂൾ തലം വരെ നടപ്പാക്കേണ്ട പ്രവർത്തനങ്ങളും നിർദേശിച്ചിട്ടുണ്ട്.

നിരന്തരവിലയിരുത്തലും വർഷാന്ത്യവിലയിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാവുന്നതാണെന്നും അതാത് സ്‌കൂളിൽ ഓരോ വിഷയത്തിന്റെയും സബ്ജക്ട് കൗൺസിൽ ചേർന്ന് വിലയിരുത്തലിന്റെ സ്‌കോറിങ് നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിലെ പ്രവർത്തനങ്ങൾ എല്ലാ വിദ്യാലയങ്ങളിലും കൃത്യമായി നടക്കുന്നുണ്ടെന്ന് അതത് പ്രഥമാധ്യപകർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.