മീററ്റ്: പുരുഷ ലക്ഷണങ്ങളുള്ള സ്ത്രീയെന്ന് വൈദ്യശാസ്ത്രം വിലയിരുത്തിയ സ്ത്രീയ്ക്ക് ഇരട്ട കുഞ്ഞുങ്ങൾ. പത്ത് ലക്ഷം പേരിൽ ഒരാൾക്ക് മാത്രം കാണുന്ന അപൂർവ്വ ജനിതക വൈകല്യമുള്ള സ്ത്രീയാണ് രണ്ട് കുട്ടികൾക്ക് ജന്മം നൽകിയത്. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം.

രൂപ ഭാവങ്ങളിൽ സ്ത്രീയാണെങ്കിലും ജനതികമായി പുരുഷ സ്വാഭാവാണ് ഇവർക്കുണ്ടായിരുന്നത്. ബീജ കോശോൽപ്പതിയുൾപ്പെടെയുള്ളവ നടക്കില്ല. സാധാരണ സ്ത്രീകളെ പോലെ ആർത്തവാവസ്ഥയിലുമെത്തിയില്ല. ഗർഭപാത്രമാകട്ടേ പൂർണ്ണ വളർച്ച എത്താത്തതും. പത്തു ലക്ഷം പേരിൽ ഒരു സ്ത്രീയ്ക്ക് മാത്രമേ ഇത്തരം അപൂർവ്വ ജനിതക പ്രശ്‌നങ്ങൾ ഉണ്ടാവുകയുള്ളൂ. എന്നാൽ അമ്മയാകണമെന്ന അതിയായ മോഹത്തിന് മുന്നിൽ ജനിത വൈകല്യങ്ങളും തോൽക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.

മീററ്റിലാണ് വൈദ്യശാസ്ത്ര രംഗത്തിന് മുതൽക്കൂട്ടാകുന്ന ഇരട്ടക്കുട്ടികളുടെ ജനനം നടന്നത്. 32 കാരിയാണ് ഇരട്ടകുട്ടികളുടെ അമ്മയായത്. സാധാരണ സ്ത്രീകൾക്ക് 46 XX എന്ന സ്ത്രീ ക്രോമസോമുകളാണ് ഉണ്ടാവാറുള്ളത്. എന്നാൽ ഈ യുവതിക്ക് 46 XY എന്ന പുരുഷ ക്രോമസോമുകളാണ് ഉണ്ടായിരുന്നത്. ഐവിഎഫ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവരെ ഡോക്ടർമാർ പരിചരിച്ചത്. ഗർഭിണിയായ അന്ന് മുതൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുമായിരുന്നു. ആരോഗ്യമുള്ള ഇരട്ടക്കുട്ടികൾക്കാണ് യുവതി ജന്മം നൽകിയത്. സ്ത്രീയുടേയോ ഭർത്താവിന്റേയോ മറ്റ് കുടുംബ വിവരങ്ങളോ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. കുടുംബത്തിന്റെ സ്വകാര്യത കാത്ത് സൂക്ഷിക്കാനാണ് ഇതെന്ന് ഡോക്ടർമാരായ അൻഷു ജിൻഡാലും സുനിൽ ജിൻഡാലും അറിയിച്ചു.

കുട്ടികൾക്കുള്ള ഗർഭപാത്രവും പ്രവർത്തിക്കാത്ത ബീജ ഗ്രന്ഥികളുമായാണ് യുവതി ആശുപത്രിയിലെത്തിയത്. ഏഴ് കൊല്ലം മുമ്പായിരുന്നു വിവാഹം. കുട്ടികൾ ഉണ്ടാകില്ലേ എന്ന യുവതിയുടെ ഭർത്താവിന്റെ ചോദ്യത്തിലെ വെല്ലുവിളി ഏറ്റെടുത്തതാണ് നേട്ടത്തിന് കാരണമെന്ന് ഡോക്ടർ സുനിൽ ജിൻഡാൽ പറഞ്ഞു. ആർത്തവാവസ്ഥയിലേക്ക് ഗർഭപാത്രത്തെ കൊണ്ടുവരികയായിരുന്നു ആദ്യ വെല്ലുവിളി. അതിന് ശേഷം കുട്ടിയെ ഉൾക്കൊള്ളാനുള്ള തരത്തിൽ ഗർഭപാത്രത്തേയും എത്തിക്കുകയായിരുന്നുവെന്ന് ഡോക്ടർ വ്യക്തമാക്കി.

ആറുമാസം ഹോർമോൺ ചികിൽസയും അന്ധസ്രാവി ഗ്രന്ഥി ചികിൽസയും നൽകി. തുടർന്ന് ലാബിൽ ഭർത്താവിന്റെ ബീജാണുവും ലഭ്യമായ അണ്ഡവും സംയോജിപ്പിച്ച് ഗർഭ പിണ്ഡം തയ്യാറാക്കി. ഇതിനെ യുവതിയുടെ സജ്ജമാക്കിയ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് ഗർഭാവസ്ഥയിലേക്ക് എത്തിച്ചത്. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ആശുപത്രിയിൽ തന്നെ നിരീക്ഷിക്കുകയും ചെയ്തു.  ഇരട്ടകുട്ടികൾക്ക് ഇവർ ജന്മം നൽകിയതിനെ അപൂർവ്വ വൈദ്യശാസ്ത്ര നേട്ടമായാണ് വിലയിരുത്തുന്നത്.

പുരുഷ ക്രോമസോമുള്ള യുവതികൾ പ്രസവിക്കുന്നത് അത്യപൂർവ്വമാണ്. ഇതുവരെ ഇത്തരത്തിലുള്ള നാലോ-അഞ്ചോ സ്ത്രീകൾ മാത്രമേ അമ്മമാരായിട്ടുള്ളൂ എന്നതാണ് വസ്തുത.