തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സരിത എസ് നായരുടെ കത്തു വായിച്ചപ്പോൾ തന്റെ മനസും ശരീരവും ഒരു പോലെ തളർന്നെന്ന് ചീഫ് വിപ്പ് പി സി ജോർജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കത്തിന്റെ ഉള്ളടക്കം പുറത്ത് പറയേണ്ടി വരരുതേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ജോർജ് പറഞ്ഞിരുന്നു. വയസ്സുകാലത്ത് എന്തിനാ ജോർജ്ജ് ഈ പണിക്ക് പോയതെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. രഹസ്യമായിട്ടാണ് വായിച്ചതെങ്കിലും ശാരീരികമായ ഒരു താൽക്കാലിക തളർച്ച സ്വാഭാവികമാണ് എന്ന തരത്തിലും അഭിപ്രായമുയരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് സരിതയുടെ കത്തു വായിച്ച കാര്യം ജോർജ് പറഞ്ഞത്. സരിതയുടെ കത്ത് വായിച്ചിട്ടുള്ള അപൂർവം ചിലരിൽ ഒരാൾ താനാണെന്ന് പി.സി ജോർജ് സമ്മതിച്ചു. 25 പേജുള്ള കത്ത് വായിച്ചു കഴിഞ്ഞപ്പോൾ താൻ തളർന്നു പോയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്കു സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞ ജോർജ് ധനമന്ത്രി കെ എം മാണിക്കു നേരെ പരോക്ഷമായി ഒളിയമ്പുകൾ എയ്യുകയും ചെയ്തു. എൽ.ഡി.എഫിലേക്ക് ക്ഷണിച്ചാൽ എന്തു ചെയ്യുമെന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് തന്നെക്കാൾ വലിയ ഇടതുപക്ഷക്കാരൻ വേറെയില്ലെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള ജോർജിന്റെ മറുപടി.

യേശുവിനൊപ്പം കുരിശുണ്ടാകുമെന്നു പറഞ്ഞ മാണി സാർ, കുരിശിന്റെ ഇരു വശത്തും കള്ളന്മാർ ഉണ്ടെന്ന കാര്യം മറക്കരുതെന്നു ജോർജ് പറഞ്ഞു. താൻ കേരളാ കോൺഗ്രസിന്റെ വൈസ് ചെയർമാനാണ്. അങ്ങനെയുള്ള താൻ, ചെയർമാൻ മാണി കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ വാങ്ങിയെന്ന് പറയാനാകുമോ എന്നും പരിഹസിച്ചു. തന്റെ കൈകൾ പരിശുദ്ധമാണെന്നും കളങ്കമില്ലാത്തതാണെന്നും ജോർജ് വിദ്യാർത്ഥികളോടു പറഞ്ഞു.

ഇതാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇതിൽ സരിതയുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് വൈറലാകുന്നത്.