ന്യൂഡൽഹി: ലോക്‌സഭയിലെ ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധികളായി തലശ്ശേരി സ്വദേശി പ്രഫ. റിച്ചാർഡ് ഹെയെ രാഷ്ട്രപതി പ്രണബ് മുഖർജി നാമനിർദ്ദേശം ചെയ്തു. നടനായ കൊൽക്കത്തയിലെ ജോർജ് ബക്കറേയും ലോക്‌സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാക്കിയിട്ടുണ്ട്.

63കാരനായ റിച്ചാർഡ് ഹേ അടുത്ത കാലത്താണ് ബിജെപി അനുഭാവിയായത്. ഇന്ത്യയിലും പുറത്തും വിവിധ കലാലയങ്ങളിൽ ധനതത്വശാസ്ത്ര അദ്ധ്യാപകനായിരുന്നു. തലശ്ശേരി സ്വദേശിയായ റിച്ചാർഡ് ഹെ ഗവ. ബ്രണ്ണൻ കോളേജ് ഉൾപ്പെടെ ഏഴ് കോളേജുകളിൽ അദ്ധ്യാപകനായും മടപ്പള്ളി കോളേജടക്കം അഞ്ചിടങ്ങളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നീന്തൽ വിദഗ്ധനുമാണ് ഇദ്ദേഹം.

ബിജെപി. അംഗവും ബംഗാളിലെ ചലച്ചിത്രതാരവുമാണ് ജോർജ് ബേക്കർ. എഴുപതുകളിലെ ബംഗാളി, ആസാമീസ് സിനിമകളിലെ സാന്നിധ്യമായിരുന്നു 68കാരനായ ബക്കർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഹൗറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അസമീസ് ചിത്രം ചമേലി മേംസാബിൽ അഭിനയിച്ചിട്ടുണ്ട്.

പതിനാറാം ലോക്‌സഭ നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധികളെ തിരഞ്ഞെടുക്കാതിരുന്നത് ആംഗ്‌ളോ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി ആഗ്‌ളോ ഇന്ത്യൻ സംഘടനകളുടെ സംയുക്ത സംഘടനയായ എഫ്.എ.ഐ.എ.ഐ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് എംപിമാരുടെ പേര് രാഷ്ട്രപതിക്ക് ശുപാർശ ചെയ്തത്.