- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾക്ക് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിശബ്ദ പിന്തുണ; ഇരു പാർട്ടികളിലും ജിഹാദി പ്രവർത്തകർ സജീവം; വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി; പാലാ ബിഷപിന് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു
കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ മുസ്ലിം സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. കേരളത്തിൽ ജിഹാദി - തീവ്രവാദ പ്രവർത്തനങ്ങൾക്ക് സിപിഎമ്മും കോൺഗ്രസും സഹായിക്കുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് കത്തയച്ചത്.
സിപിഎമ്മിലും കോൺഗ്രസിലും ജിഹാദി - തീവ്രവാദ ബന്ധമുള്ളവർ പാർട്ടി പ്രവർത്തകരായി കടന്നു കൂടിയിട്ടുണ്ടെന്നും ഇവരാണ് നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച വെളിപ്പെടുത്തൽ ഉയർത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നാർക്കോട്ടിക് ജിഹാദം ആരോപണം ഉയർത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കളത്തിങ്ങലിന് അടിയന്തരമായി സുരക്ഷ ഏർപ്പാടാക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂനപക്ഷമോർച്ചാ ജനറൽ സെക്രട്ടറി കൂടിയായ ജോർജ്ജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.
നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് അടക്കം പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിലെല്ലാം അന്വേഷണം വേണമെന്ന് ജോർജ് കുര്യൻ ആവശ്യപ്പെടുന്നു. ക്രിസ്ത്യൻ സമൂഹത്തിന് സംരക്ഷണം നൽകണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും ബിഷപ്പിന് എതിരാണെന്നും ഈ സാഹചര്യത്തിൽ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചതെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിൽ ലൗ ജിഹാദിന് പുറമേ നർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗം ഉപയോഗിക്കുകയാണ്. ഇവർ ക്രിസ്ത്യൻ പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ജോസഫ് കല്ലറങ്ങാട് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയായിരുന്നു വിവിധ സംഘടനകൾ വിഷയത്തിൽ പ്രതികരിച്ചത്.
നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുന്നതെന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലൗ ജിഹാദ് - നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ആദ്യദിവസങ്ങളിൽ മുസ്ലിംസംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് പി ടി തോമസും ബിഷപ്പിനെ തള്ളി രംഗത്തുവന്നപ്പോൾ ബിജെപി ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പാലാ ബിഷപ്പിനു പിന്തുണച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരനും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചു. പ്രസ്താവന നടത്തിയ പുരോഹിതനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
എന്നാൽ ഇത്രയും ഉപദേശകർ ഉണ്ടായിട്ടും നർക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ലെ എന്നാണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയിലെ ലേഖനം ചോദ്യം ഉന്നയിച്ചത്. മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ബിഷപ് വിരുദ്ധ പ്രതികരണം എന്നും ദീപികയിലെ ലേഖനത്തിൽ പറയുന്നു.
വി. ഡി. സതീശൻ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത് എന്നാണ് ദീപിക ലേഖനം ഓർമിപ്പിക്കുന്നത്. കേരള കോൺഗ്രസ് കൂടി ഉൾപ്പെട്ട മുന്നണിയുടെ അഭിപ്രായമാകണം സതീശൻ പറയേണ്ടത് എന്നും ലേഖനം നിർദ്ദേശിക്കുന്നു. ചരിത്ര സത്യങ്ങൾ പോലും പറയാൻ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി. തോമസും കോൺഗ്രസും വ്യക്തമാക്കണമെന്ന് ലേഖനം ആവശ്യപ്പെടുന്നുണ്ട്.
വിഷയത്തിൽ കേരള കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന മൗനത്തെയും ദീപിക കുറ്റപ്പെടുത്തുന്നു. ജോസ് കെ മാണിയുടെ നിശബ്ദതയ്ക്കെതിരെ ആണ് പ്രധാന വിമർശനം.ജോസ് കെ മാണി തങ്ങളുടെ അഭിപ്രായം തുറന്നു പറയണമെന്ന് ലേഖനം ആവശ്യപ്പെടുന്നു.ലൗജിഹാദും നർക്കോട്ടിക് ജിഹാദും സത്യമെന്ന് ആവർത്തിച്ച് ആണ് ലേഖനം എഴുതിയത്
പ്രശ്നത്തിലെ ഇടപെടലുകൾ സമുദായങ്ങളുടെ പിന്തുണ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇടതു-വലതുമുന്നണികൾ കരുതലോടെ പ്രതികരിക്കുന്നത്. കോൺഗ്രസിന്റെ കേരളത്തിലെ പ്രധാനപ്പെട്ട വോട്ടുബാങ്കാണ് ക്രൈസ്തവ വിഭാഗം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ അവർക്കുണ്ടായ വലിയ തിരിച്ചടിയുടെ ഒരുകാരണം ഈ വോട്ട് ബാങ്കിലുണ്ടായ ചോർച്ചയാണ്. ഇത് മനസിലാക്കിയാണ് അവരുടെ പ്രതികരണം.
എതിർവശത്ത് നിൽക്കുന്നത് മുസ്ലിം ന്യൂനപക്ഷവിഭാഗവുമാണ്. അവരും യു.ഡി.എഫിൽനിന്നും അകന്നുകൊണ്ടിരിക്കുകയാണ്. ഈ രണ്ടുവിഭാഗങ്ങളേയും ഒപ്പം കൊണ്ടുവരാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇരുസമുദായത്തേയും ഒപ്പം നിർത്തിക്കൊണ്ടുള്ള പ്രതികരണത്തിനാണ് അവർ മുതിരുന്നതും. ഈ വിഷയം യു.ഡി.എഫിനുള്ളിൽ തന്നെ പ്രശ്നങ്ങൾക്കും വഴിവച്ചേയ്ക്കും. മുസ്ലിംലീഗ് ഈ പരാമർശത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു.
മുമ്പ് ക്രിസ്തീയ സഭാ അധ്യക്ഷന്മാരെ രൂക്ഷമായി വിമർശിച്ച സ്ഥിതിയിലല്ല ഇപ്പോൾ സിപിഎമ്മും ഇടതുമുന്നണിയും. പുതുതായി മുന്നണിയിലെത്തിയ ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിന്റെ വികാരം കണക്കിലെടുക്കേണ്ടിവരും. മാത്രമല്ല, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ക്രിസ്തീയവിഭാഗങ്ങൾ ഇടതുമുന്നണിയുമായി അടുക്കുകയും ചെയ്തിരുന്നു. അതേസമയം മുസ്ലിംസമുദായവും ഇടതുമുന്നണിയുമായി പ്രത്യേകിച്ച് സിപിഎമ്മുമായി വളരെയധികം അടുക്കുകയാണ്. ഇതും അവരെ വല്ലാതെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞദിവസം വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നെങ്കിലും മുൻകാലങ്ങളിൽ നടത്തിയ വിമർശനത്തിന്റെ മൂർച്ച അതിനുണ്ടാകാതിരുന്നതിന്റെ കാരണം ഇതൊക്കെയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ലൗ ജിഹാദ് അടക്കം ബിജെപി ഉയർത്തിക്കാട്ടുകയും പ്രതിഷേധം ഉയർത്തുകയും ചെയ്ത വിഷയത്തിൽ സഭ നേതൃത്വം ആശങ്ക തുറന്നുപറഞ്ഞ് രംഗത്ത് വന്നത് കൂടുതൽ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച വെളിപ്പെടുത്തൽ ഉയർത്തിയിട്ടും അന്വേഷണം നടത്തുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാതെ ബിഷപ്പിനെതിരെ പ്രതിഷേധം ഉയർത്തുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനം സംസ്ഥാനത്ത് വേരുറപ്പിക്കുന്നത് സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടും സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്ന വിമർശനം നിലനിൽക്കെയാണ് നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച ആശങ്ക പാലാ ബിഷപ്പ് തുറന്നു പറഞ്ഞത്. വിഷയത്തെ ഗൗരവത്തോടെ കണ്ട് വേണ്ട അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ വിഷയത്തിന്റെ ഗൗരവം മറച്ചുവച്ച് രാഷ്ട്രീയ ലാഭത്തിനായി പരസ്പരം പോരാടാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് സിപിഎം നേതൃത്വം ബിഷപ്പിനെതിരെ വിമർശനം ഉയർത്തി രംഗത്ത് വന്ന പശ്ചാത്തലത്തിൽ ദേശീയ തലത്തിലേക്ക് വിഷയം എത്തിക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് അയച്ചത്.
മറുനാടന് മലയാളി ബ്യൂറോ