മെൽബൺ: വത്തിക്കാനിലെ കർദിനാളിനെതിരെ ലൈംഗിക പീഡനത്തിന് ഓസ്‌ട്രേലിയൻ പൊലീസ് കേസെടുത്തു. കർദിനാൾ ജോർജ് പെല്ലിന്(76) എതിരെയാണ് നിരവധിപേരുടെ പരാതിയിൽ പൊലീസ് കേസെടുത്തതെന്ന് വിക്‌ടോറിയ ഡെപ്യൂട്ടി കമ്മീഷണർ ഷെയ്ൻ പാറ്റൻ പറഞ്ഞു. അതേസമയം കർദിനാൾ പെൽ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വത്തിക്കാനിൽ മാർപ്പാപ്പയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവും ഓസ്‌ട്രേലിയയിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ളതകുമായ കത്തോലിക്ക് പുരോഹിതനാണ് കർദിനാൾ ജോർജ് പെൽ. ഓസ്‌ട്രേലിയയിലെ കത്തോലിക്കൻ പ്രതിനിധികൾ കർദിനാളിന് എതിരായ കേസിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂലൈ 18ന് മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് കർദിനാളിന് നോട്ടീസ് നൽകി. കേസിൽ കർദിനാൾ ആണെന്ന പരിഗണന ഉണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു.