മണ്‌റോവിയ: ആഫ്രിക്കൻ ഫുട്‌ബോൾ ഇതിഹാസം ജോർജ് വിയ ലൈബീരിയൻ പ്രസിഡന്റായി. ആകെയുള്ള 15 പ്രവിശ്യകളിൽ 13 എണ്ണത്തിലും വിജയിച്ചാണ് വിയ ലൈബീരിയയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. എലൻ ജോണ്‌സണ് സർലീഫിനു ശേഷം സ്ഥാനമേറ്റെടുക്കുന്ന വിയ, ലൈബീരിയയുടെ ഇരുപത്തഞ്ചാമത് പ്രസിഡന്റാണ്.

ബാലണ് ഡി ഓർ പുരസ്‌കാര ജേതാവായ വിയ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ജോസഫ് ബോകായിയെ പരാജയപ്പെടുത്തി. 2011ൽ വിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ വിജയിക്കാനായിരുന്നില്ല.

മുന്ന് തവണ ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഫിഫയുടെ വേൾഡ് പ്ലെയർ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസിമിലാൻ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകൾക്കു വേണ്ടിയും വിയ കളിച്ചിട്ടുണ്ട്.