ബെർലിൻ: ജർമ്മൻ ഫുട്‌ബോൾ താരം മിറോസ്ലോവ് ക്ലോസെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. മുപ്പത്തിയാറുകാരനായ ക്ലോസെ ക്ലബ് ഫുട്‌ബോളിൽ തുടരും. ജർമ്മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ക്ലോസെ സ്വപ്നസാക്ഷാത്ക്കാരത്തിന് ശേഷമാണ് ബൂട്ടഴിക്കുന്നത്.

'ലോകകപ്പ് നേടുകയെന്ന എക്കാലത്തെയും സ്വപ്നം സഫലമായിരിക്കുന്നു. ദേശീയ ടീമിനൊപ്പം ചിലവഴിച്ച നിമിഷങ്ങൾ എല്ലാക്കാലവും ഓർമ്മയിൽ നിലനിൽക്കും. ജർമ്മൻ ടീം ലോകകപ്പ് നേടിയ ഈ സമയമാണ് തന്റെ വിരമിക്കലിന് ഏറ്റവും അനുയോജ്യമായ സമയം. ക്ലോസെ പറഞ്ഞു. ചരിത്രത്തിൽ മഹാരഥന്മാർക്ക് പോലും നേടാനാകാത്ത സ്വപ്ന നേട്ടം തന്റെ പേരിൽ കുറിച്ചാണ് ക്ലോസെയുടെ പടിയിറക്കം.

ബ്രസീൽ ലോകകപ്പോടെ, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡ് ഈ അറ്റാക്കർ സ്വന്തമാക്കിയിരുന്നു. ബ്രസീലിൽ ജർമ്മനിക്ക് വേണ്ടി അഞ്ച് തവണ കളിക്കളത്തിലിറങ്ങിയ ക്ലോസെ രണ്ട് ഗോളുകൾ നേടി. ബ്രസീൽ സൂപ്പർ താരം റൊണാൾഡോയുടെ 15 ഗോളുകൾ പഴങ്കഥയാക്കിയ ക്ലോസെ അടുത്ത കാലത്തൊന്നും മറികടക്കാൻ ഇടയില്ലാത്ത 16 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. 2006ൽ അഞ്ച് ഗോൾ പ്രകടന മികവിൽ സുവർണ്ണ പാദുകവും ക്ലോസെ സ്വന്തമാക്കി. ഇപ്പോൾ ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ താരമാണ് ക്ലോസെ.