ഫ്രാങ്ക്ഫർട്ട്: എബോള പോലെ തന്നെ മാരകമായ ലാസാ ഫീവർ ആഫ്രിക്കയ്ക്കു പുറത്തേക്കും. ലാസാ ഫീവർ ബാധിച്ച് ജർമൻ സ്വദേശി ചികിത്സ തേടിയതോടെ ഇതാദ്യമായാണ് ആഫ്രിക്കയ്ക്ക് പുറത്ത് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.

ഫ്യൂണറൽ ഹോമിൽ ജോലി ചെയ്തിരുന്നയാൾക്കാണ് ലാസാ ഫീവർ പിടിപെട്ടിരിക്കുന്നത്. ടോഗോയിൽ ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ പൗരന്റെ മൃതദേഹത്തിലൂടെയാണ് ഇയാൾക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. നഴ്‌സായി ടോഗോയിൽ ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് കൊളോണിൽ വന്നു താമസിക്കുകയായിരുന്നു. ഫെബ്രുവരി 26ന് മരിച്ച ഇയാളുടെ മരണകാരണം വ്യക്തമായിരുന്നില്ല. എന്നാൽ ഇയാളുടെ മൃതദേഹം അൽസീ ഫ്യൂണറൽ ഹോമിൽ കൊണ്ടുവരികയും പിന്നീട് മാർച്ച് മൂന്നിന് ടോഗോയിലേക്ക് തന്നെ അയയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിനു ശേഷം ഒരു ആഴ്ച കഴിഞ്ഞാൽ കൊളോൺ യൂണിവേഴ്‌സിറ്റി ആശുപത്രി അമേരിക്കക്കാരൻ ലാസാ ഫീവർ മൂലമാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിൽ സ്പർശിച്ചതിലൂടെയാകാം ഫ്യൂണറൽ ഹോം ജീവനക്കാരന് രോഗം പകർന്നതെന്ന് കരുതുന്നു. ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ പ്രത്യേക ഐസലോഷൻ വാർഡിലാണ് കഴിയുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കയിൽ മാത്രം കണ്ടെത്തിയ ലാസാ ഫീവർ എബോള പോലെ തന്നെയുള്ള മാരകരോഗമാണ്. പനി, ഛർദി, മനംപിരട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. എന്നാൽ ചില കേസുകളിൽ മുഖത്ത് നീര്, വായ, മൂക്ക്, ജനനേന്ദ്രിയങ്ങൾ, കുടൽ എന്നിവിടങ്ങളിൽ നിന്ന് രക്തസ്രാവവും ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. അണ്ണാൻ, എലി തുടങ്ങിയ ജന്തുക്കളിൽ നിന്നാണ് രോഗാണുക്കൾ മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്.

രോഗബാധിതനായ വ്യക്തിയെ സ്പർശിക്കുന്നതു മൂലവും രോഗം പടരാം.
ലോകത്തിൽ ഇതാദ്യമായാണ് ആഫ്രിക്കയ്ക്കു പുറത്തുള്ള ഒരാൾക്ക് രോഗം പിടിപെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രോഗബാധിതനായ ആളിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ലാസാ ഫീവർ പിടിപെടുന്നവരിൽ ഒരു ശതമാനം മാത്രമാണ് മരിക്കുന്നതെന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്.