ബെർലിൻ: പൊണ്ണത്തടി ലോകത്തെവിടെയായാലും അസഹനീയമാണ്. അത് അനുഭവിക്കുന്നവർക്കും കാണുന്നവർക്കും. ജർമൻകാരിൽ പകുതി പേരും പൊണ്ണത്തടി മൂലം വിഷമതകൾ അനുഭവിക്കുന്നുണ്ടെന്നാണ് ഇന്നലെ റിലീസ് ചെയ്ത് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടുത്തെ പുരുഷന്മാരിൽ 62 ശതമാനം പേരും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഫെഡറൽ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ്(ഡെസ് സ്റ്റാറ്റിസ്) പുറത്ത് വിട്ട കണക്കുകളാണ് ഈ വസ്തുതകൾ വെളിവാക്കുന്നത്.

ജർമൻകാരിൽ 52 ശതമാനം പേരും പൊണ്ണത്തടി മൂലം പാടുപെടുകയാണത്രെ. കഴിഞ്ഞ ദശാബ്ദവമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്ന നിരക്കാണിത്. 1999 ലെ കണക്കുകൾ പ്രകാരം 56 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ് അധികഭാരം മൂലം പാട് പെട്ടിരുന്നത്. ഇതിൽ നിന്നാണ് ഇപ്പോൾ കുതിച്ച് കയറ്റമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം നടത്തിയ  ഒരു മിനി സെൻസസിലൂടെയാണ് പുതിയ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുത്തവർ തങ്ങളുടെ തടിയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. ഇത്തരത്തിൽ ആളുകളുടെ ഭാരവും ഉയരവും കണക്കാക്കിയ സ്റ്റാറ്റിസ്റ്റിഷ്യന്മാർ അതിനെ ഉത്തരമേകിയ ആളുടെ ബോഡി മാസ്സ് ഇൻഡക്‌സുമായി ബന്ധപ്പെടുത്തി പഠിച്ചാണ് പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.