മോസ്‌കോ: കോപ്പ അമേരിക്ക ചാംപ്യന്മാരായ ചിലെയെ തോൽപ്പിച്ച് ജർമനി കോൺഫെഡറേഷൻസ് കപ്പ് ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോക ചാമ്പന്യന്മാരുടെ വിജയം. ജയത്തോടെ ജർമനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്തേക്കു കയറി.

20ാം മിനിറ്റിൽ മിഡ്ഫീൽഡർ ലാർസ് സ്റ്റിൻഡിലാണ് ജർമനിയുടെ വിജയഗോൾ നേടിയത്. ചിലെ താരം മാഴ്‌സലോ ദയസിന്റെ പിഴവിൽ നിന്നു പന്തു കിട്ടിയ ടിമോ വെർണർ നൽകിയ പാസ് സ്റ്റിൻഡിൽ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കളിയിൽ കൂടുതൽ നേരം പന്തു കൈവശം വച്ചിട്ടും കൂടുതൽ ഷോട്ടുകളുതിർത്തിട്ടും ചിലെയ്ക്ക് ജർമൻ ഗോൾവല ഭേദിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റെഗന്റെ ഉജ്വല സേവുകളാണ് ജർമനിയെ കാത്തത്.

മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള മത്സരത്തിൽ പോർച്ചുഗലിനായിരുന്നു ജയം. കോൺകാകാഫ് ജേതാക്കളായ മെക്‌സിക്കോയെ അധികസമയത്തേക്കു നീണ്ട പോരാട്ടത്തിൽ 2-1നു കീഴടക്കിയാണ് യൂറോ ചാമ്പ്യന്മാരായ പറങ്കിപ്പട മൂന്നാം സ്ഥാനം നേടിയത്. നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

കയ്യാങ്കളിയുടെ വക്കത്തെത്തിയ മത്സരത്തിൽ റഫറിക്ക് രണ്ട് ചുവപ്പ് കാർഡ് പുറത്തെടുക്കേണ്ടിവന്നു. അധിക സമയത്തായിരുന്നു രണ്ട് ചുവപ്പുകാർഡും റഫറി പ്രയോഗിച്ചത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു പോർച്ചുഗലിന്റെ ജയം. 54-ാം മിനിറ്റിൽ ലൂയിസ് നെറ്റോയുടെ സെൽഫ് ഗോളിൽ പിന്നിലായ പറങ്കിപ്പടയുടെ രക്ഷകനായി ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റിൽ പെപെ അവതരിച്ചു. പെപെയുടെ ഇഞ്ചുറിടൈമിലെ ഗോളിലൂടെ മത്സരം 1-1ൽ ആയതോടെ വിധിനിർണയം അധികസമയത്തേക്ക് നീണ്ടു.

103-ാം മിനിറ്റിൽ മിഗ്വേൽ ലെയൂൺ ബോക്‌സിനുള്ളിൽ പന്ത് കൈകാര്യം ചെയ്തതിനെത്തുടർന്ന് പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റിക്കാർഡോ ഖ്വർസെമ പന്ത് വലയിൽ നിക്ഷേപിച്ച് 2-1ന്റെ ലീഡ് പോർച്ചുഗലിനു സമ്മാനിച്ചു. തുടർന്ന് 106-ാം മിനിറ്റിൽ പോർച്ചുഗലിന്റെ നെൽസൺ സെമെഡോയും 112-ാം മിനിറ്റിൽ റൗൾ ഗിമെനസും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിന്റെ അവസാന മിനിറ്റിൽ സൈഡ് റഫറിയോട് കയർത്തതിന് മെക്‌സിക്കൻ പരിശീലകനും മാർച്ചിങ് ഓർഡർ ലഭിച്ചു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ കളിച്ചത്.