ബെർലിൻ: അഭയാർഥി പ്രവാഹത്തിന് താത്ക്കാലികമായി തടയിടുന്നതിനായി ജർമനി അതിർത്തി നിയന്ത്രണം ഒക്ടോബർ 31 വരെ നീട്ടി. അഭയാർഥികളുടെ ഒഴുക്ക് റെക്കോർഡ് എണ്ണത്തിലെത്തിയതോടെ സെപ്റ്റംബർ 13നാണ് അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഈ മാസം 31 വരെ നിയന്ത്രണം തുടരുമെന്ന് ബെർലിൻ യൂറോപ്യൻ കമ്മീഷനെ അറിയിക്കുകയായിരുന്നു.

ഏറെ അഭയാർഥികൾ ഒഴുകുന്ന ഓസ്ട്രിയൻ അതിർത്തിയാണ് ജർമനി ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. യൂറോപ്യൻ യൂണിയനിൽ ഏറ്റവും ശക്തമായ സമ്പദ് ഘടനയുള്ള ജർമനിയാണ് അഭയാർഥികളിൽ ഭൂരിപക്ഷത്തേയും സ്വീകരിച്ചിട്ടുള്ളത്. ആഭ്യന്തര കലാപം നിലനിൽക്കുന്ന സിറിയയിൽ നിന്നും മറ്റും ഈ വർഷം പത്തു ലക്ഷത്തോളം അഭയാർഥികൾ ജർമനിയിൽ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്.

ജർമനിയിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് തത്ക്കാലത്തേക്ക് തടയുന്നതിനും എത്തിച്ചേർന്നിട്ടുള്ള അഭയാർഥികൾക്ക് വേണ്ടത്ര സൗകര്യം ഒരുക്കുന്നതിനുമാണ് അതിർത്തി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അഭയാർഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നും അവരെ രാജ്യത്ത് ഉൾക്കൊള്ളുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും ചാൻസലർ ഏഞ്ചല മെർക്കർ പ്രഖ്യാപിച്ചിട്ടുണ്ട്.