ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അഭയാർഥികൾ എത്തിയ ജർമനിയിൽ അഭയാർഥി കുട്ടികളെ ജർമൻ പഠിപ്പിക്കാൻ 8500 അദ്ധ്യാപകരെ ഒരുക്കി അധികൃതർ. അഭയാർഥികളെ അനിയന്ത്രിത പ്രവാഹം തുടരുന്ന ജർമനിയിലേക്ക് ഇതുവരെ സ്‌കൂൾ പ്രായത്തിലുള്ള 325,000 കുട്ടികളാണ് എത്തപ്പെട്ടിരിക്കുന്നത്. ഇതിൽ 196,000 കുട്ടികളോളം ജർമൻ സ്‌കൂളുകളിൽ പുതുതായി ചേർന്നു കഴിഞ്ഞു.

ജർമൻ സ്‌കൂളുകളിൽ അഭയാർഥി കുട്ടികൾ ചേർന്നതോടെ 8264 സ്‌പെഷ്യൽ ക്ലാസുകൾ കൂടി ചേർക്കപ്പെട്ടുവെന്നാണ് 16 ഫെഡറൽ സ്റ്റേറ്റുകളിൽ നടത്തിയ കണക്കെടുപ്പിൽ വ്യക്തമായിരിക്കുന്നത്. അഭയാർഥി കുട്ടികളെ ജർമൻ പഠിപ്പിക്കാൻ 8500 ഓളം ടീച്ചർമാരേയും രാജ്യമെമ്പാടും നിയമിച്ചു കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ ഉണ്ടായ ഏറ്റവും മോശം കുടിയേറ്റത്തിലാണ് ജർമനി ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2014-ൽ ജർമനിയിലേക്കു കുടിയേറിയതിനെക്കാൾ അഞ്ചിരട്ടി അഭയാർഥികളാണ് ഈ വർഷം എത്തിയിരിക്കുന്നത്.

അഭയം തേടി ജർമനിയിൽ എത്തുന്ന അഭയാർഥികളുടെ എണ്ണം പത്തു ലക്ഷം കവിയുമെന്നാണ് ജർമനി കണക്കാക്കുന്നത്. അതേസമയം അഭയാർഥികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിനും മറ്റും അധികൃതർ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. കൂടാതെ സ്‌കൂൾ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിലും ഏറെ പ്രശ്‌നങ്ങൾ അധികൃതർ അഭിമുഖീകരിക്കുന്നുണ്ട്.

സ്‌കൂളുകളിൽ ഇത്രയേറെ അഭയാർഥികുട്ടികൾ ചേർന്നിരിക്കുന്ന സാഹചര്യത്തിൽ 20,000 ടീച്ചർമാരെ വേണ്ടി വരുമെന്നും ഇതിനുള്ള നടപടികൾ കൈക്കൊണ്ടുവരികയാണെന്നും ടീച്ചേഴ്‌സ് യൂണിയൻ തലവൻ ഹെയ്ൻസ് പീറ്റർ മീഡിംഗർ വ്യക്തമാക്കി. അടുത്ത സമ്മറോടു കൂടി ഈ വിടവ് നികത്താൻ സാധിക്കുമെന്നും യൂണിയൻ പ്രത്യാശിക്കുന്നുണ്ട്.