ബർലിൻ: അഭയാർത്ഥി പ്രശ്‌നം രൂക്ഷമായതോടെ ജർമനി ഓസ്ട്രിയയുമായി പങ്കിടുന്ന അതിർത്തി അടച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ അഭയാർഥികളെ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടയിലും യൂറോപ്പിലേക്ക് അഭയം തേടിയത്തെുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

കഴിഞ്ഞദിവസം ജർമനിയിലെ മ്യൂണിക്കിലേക്ക് ഒഴുകിയത്തെിയത് 13,015 പേരാണ്. 1400 പേർ ഇനിയും സൗത്തേൺ ജർമനിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തിന് ഉൾക്കൊള്ളാവുന്നതിന്റെ പരിധിയും കടന്നാണ് ഇവരെ സ്വീകരിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. പുതുതായി എത്തുന്നവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നറിയാതെ അധികൃതർ കുഴങ്ങുകയാണ്. 1972ലെ ഒളിമ്പിക്‌സ് വേദിയായിരുന്നയിടം താൽക്കാലിക അഭയകേന്ദ്രമായി മാറ്റാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

അഭയാർഥിപ്രവാഹം വർധിച്ചതോടെ ഓസ്ട്രിയയിൽ നിന്നുള്ള തീവണ്ടി സർവീസുകൾ ജർമനി താൽകാലികമായി നിർത്തിവച്ചു. അഭയാർത്ഥികളെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ് ഇപ്പോൾ. കഴിഞ്ഞ ആഴ്ചയാണ് ജർമനി അഭയാർത്ഥികൾക്കായി നിർലോഭം അതിർത്തികൾ തുറന്നു കൊടുത്തത്. 450,000 പേരാണ് ഇത്തവണ യൂറോപ്പിലേക്ക് ഒഴുകിയെത്തിയത്.

ആളുകൾ രാജ്യത്തിന് താങ്ങാവുന്നതിലും കൂടുതലായെന്നും പ്രവാഹം തടയുന്നതിനുള്ള അടിയന്തരനടപടികൾ കൈക്കൊള്ളണമെന്നും ജർമൻ ഫെഡറൽ ഗതാഗത മന്ത്രി വ്യക്തമാക്കി.

സെർബിയയിൽനിന്ന് നാലായിരത്തിലേറെ പേരാണ് കഴിഞ്ഞദിവസം ഹംഗറിയിലത്തെിയത്. 1,75,000 പേരാണ് ഈ വർഷം സെർബിയയിൽനിന്ന് ഹംഗറിയിലത്തെിയത്.അഭയാർഥികൾക്ക് കാനഡ 10കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. അതിനിടെ യൂറോപിലേക്കുള്ള പലായനത്തിനിടെ ഗ്രീസിൽ അഞ്ചു കുഞ്ഞുങ്ങളടക്കം 28 അഭയാർഥികൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.